കോന്നി: ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യയിൽ ആധുനിക നിലവാരത്തിൽ നിർമിച്ച കോന്നി മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡ് ഉദ്ഘാടനം ചെയ്തു.
നബാർഡ് 2020-’21 പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച കോന്നി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡ് 14.53 കി.മീ ദൈർഘ്യമുള്ളതും പ്രധാന ജില്ല പാതകളായ മുറിഞ്ഞകൽ- അതിരുങ്കൽ, അതിരുങ്കൽ- പുന്നമൂട്, കൂടൽ-രാജഗിരി എന്നീ മൂന്ന് റോഡുകൾ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന പാതയാണ്. പ്രധാന സംസ്ഥാന പാതയായ പുനലൂർ- മൂവാറ്റുപുഴ റോഡിലെ കൂടൽ ജംഗ്ഷനിൽനിന്നും മുറിഞ്ഞകൽ ജംഗ്ഷനിൽനിന്നും ഈ റോഡിലേക്ക് പ്രവേശിക്കാം.
തോട്ടം തൊഴിലാളികൾക്കും മറ്റ് പ്രദേശവാസികൾക്കും പാടം, മാങ്കോട് എന്നീ മലയോരഗ്രാമങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും. 5.5 മീറ്റർ വീതിയിൽ, 14.53 കി.മീ. നീളത്തിൽ ബിഎം ആൻഡ് ബിസിടാറിംഗ് പൂർത്തീകരിക്കുകയും പുതുതായി 10 കലുങ്കുകൾ പണി കഴിപ്പിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി നിർമാണം, ഓടനിർമാണം, ഐറിഷ് ഡ്രെയിൻ, പൂട്ടുകട്ട പാകൽ, മറ്റ് റോഡ് സുരക്ഷ സംവിധാനങ്ങൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
റോഡിന്റെ ഉദ്ഘാടനം അതിരുങ്കൽ ജംഗ്ഷനിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, കലഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.