കോന്നി: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന കോന്നിയുടെ അനന്തസാദ്ധ്യതകൾ ചർച്ച ചെയ്ത കരിയാട്ടം ടൂറിസം വികസന സെമിനാർ ശ്രദ്ധേയമായി. ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി, പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായി കോന്നിയെ മാറ്റിത്തീർക്കാനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും സെമിനാറിൽ ഉയർന്നു.
കോന്നിയും ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കോന്നി കേന്ദ്രമാക്കി ടൂറിസം വികസനം നടത്തുമ്പോൾ ഏനാദിമംഗലം അഞ്ചുമലപാറ, കലഞ്ഞൂരിൽ രാക്ഷസൻ പാറ, പ്രമാടത്തെ നെടുംപാറ, അരുവാപ്പുലത്ത് കാട്ടാത്തിപ്പാറ എന്നീ മലകൾ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പാക്കാൻ കഴിയും. അടവിയിൽ കൂടുതൽ ട്രീടോപ് ഹട്ടുകൾ ഉന്നത നിലവാരത്തിൽ നിർമിക്കണം. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കണം. വനത്തിനുള്ളിലെ ആരാധനാകേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസവും നടപ്പാക്കാൻ കഴിയും.
ഗവി കേന്ദ്രമാക്കി ചിറ്റാർ, സീതത്തോട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കാൻ കഴിയും. കാരിക്കയം, കക്കി ഡാമുകളിൽ ബോട്ടിങ്, സീതത്തോട് കക്കാട്ടാറിൽ കയാക്കിങ് വിപുലീകരണം തുടങ്ങിയവ നടപ്പാക്കണം. കോന്നി ഫിഷിന്റെ ഭാഗമായി കക്കി ഡാമിൽ ആരംഭിച്ച കൂട് മത്സ്യകൃഷിയും ടൂറിസവുമായി ബന്ധിപ്പിക്കാൻ കഴിയും. ഗവി മേഖല ടൂറിസത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾക്ക് വിപുലമായ താമസസൗകര്യം ഒരുക്കണമെന്ന് നിർദേശം ഉയർന്നു. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ലയങ്ങൾ അതേ നിലയിൽ നിലനിർത്തി ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച് താമസ സൗകര്യം ഒരുക്കണമെന്നാണ് നിർദേശം.
ഫാക്ടറികൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ അന്തരീക്ഷ മലിനീകരണം കോന്നിയിൽ വളരെ കുറവാണ്. വർഷം മുഴുവൻ മഴ ലഭിക്കുന്ന പ്രദേശവുമാണ്. ഇത് വിദേശ ടൂറിസ്റ്റുകളെയും സ്വദേശികളെയും ഒരുപോലെ ആകർഷിക്കുന്ന ഘടകമാണ്. പൂർണമായും പ്ലാസ്റ്റിക് രഹിതമായായിരിക്കും കോന്നി ടൂറിസം വില്ലേജ് പ്രവർത്തിക്കേണ്ടതെന്നും നിർദേശങ്ങളുയർന്നു. സെമിനാറിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പ്രാവർത്തികമാക്കി കോന്നിയെ ടൂറിസം ഗ്രാമമാക്കി മാറ്റാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു.
കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ, ജില്ല പഞ്ചായത്തംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് ബേബി, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ, പത്തനംതിട്ട ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, കെ.എസ്. ശശികുമാർ, ജി. ബിനുകുമാർ, സംഗേഷ് ജി. നായർ, രാജേഷ് ആക്ലേത്ത്, എൻ.എസ്. മുരളീമോഹൻ, അനീഷ്കുമാർ എന്നിവർ സംസാരിച്ചു.
കോന്നി: മലയോര മേഖലയുടെ ചികിത്സ കേന്ദ്രമായ കോന്നി ആരോഗ്യ പ്രവർത്തകരുടെ സംഗമവേദിയായി. കോന്നി കരിയാട്ടം വിനോദസഞ്ചാര മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ പ്രവർത്തകരുടെ സംഗമത്തിൽ മേഖലയിലെ വിവിധ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു. കോന്നി മെഡിക്കൽ കോളജ് വികസനം, താലൂക്ക് ആശുപത്രി വികസനം തുടങ്ങി ജില്ലയിലെയും കേരളത്തിലെയും ആരോഗ്യ മേഖലയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളാണ് സെമിനാറിൽ ഉയർന്നുവന്നത്.
പത്തനംതിട്ടയിലെ ഏക സർക്കാർ മെഡിക്കൽ കോളജ് കോന്നിയിലാണ്. സമീപ ജില്ലകളുടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കോന്നി ഗവ. മെഡിക്കൽ കോളജ് മുതൽക്കൂട്ടാണ്. പുതിയ നഴ്സിങ് കോളജും കോന്നിയിൽ വരുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഹൈടെക് ആക്കണമെന്ന നിർദേശവും സെമിനാറിൽ ഉയർന്നു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും നിർദേശങ്ങളും ആരോഗ്യ വകുപ്പിന് സമർപ്പിക്കുമെന്നും ആതുരസേവന രംഗത്ത് കുറ്റമറ്റ പ്രവർത്തനം കാഴ്ചവെക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു.
എൻ.ആർ.എച്ച്.എം ഡി.പി.എം ഡോ. എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. ആരോഗ്യസംഗമം കൺവീനർ എം.പി. ഷൈബി, ഡി.എം.ഒ ഡോ. എൽ. അനിൽകുമാരി, കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എ. ഷാജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം ജോർജ്, ഡോ. എസ്. സേതുലക്ഷ്മി, ഡോ. അംജത് രാജീവൻ എന്നിവർ സംസാരിച്ചു. കമ്യൂണിറ്റി വിഭാഗം പ്രഫസർ ഡോ. ടി.എസ്. അനീഷ് ക്ലാസെടുത്തു. 60 വയസ്സ് കഴിഞ്ഞ ആശ പ്രവർത്തകരെയും ആരോഗ്യ മേഖലയിൽ വേറിട്ട പ്രവർത്തനം കാഴ്ചവെച്ച തണ്ണിത്തോട് സാമൂഹികാരോഗ്യ കേന്ദ്രം, കൊക്കാത്തോട്, മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരെയും കെ.യു. ജനീഷ്കുമാർ എം.എൽ.എ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.