കോന്നി: തെരുവുനായ്ക്കളെ ഭയന്ന് കഴിയുകയാണ് കോന്നി നിവാസികൾ. കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷനിലാണ് തെരുവുനായ്ക്കൾ സ്ഥിരം താവളമാക്കിയിരിക്കുന്നത്. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ എത്തുന്ന കെ.എസ്.ആർ.ടി.സി പരിസരത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് പിറകെ നായ്ക്കൾ ഓടുന്നത് അപകടക്കെണിയായിട്ടുണ്ട്.
ദീർഘദൂര യാത്രക്കും മറ്റും കോന്നിയിൽ ബസ് കാത്തു നിൽക്കുന്നവരും പുലർച്ച വ്യായാമത്തിന് ഇറങ്ങുന്നവരും ഭയപ്പാടിലാണ്. കോന്നി നാരായണപുരം ചന്തയിലെയും നഗരത്തിൽ വലിച്ചെറിയുന്നതുമായ മാലിന്യം തെരുവുനായ്ക്കൾ പെരുകാൻ സാഹചര്യം ഒരുക്കുന്നുണ്ട്. സ്കൂൾ കുട്ടികൾ നടന്നു പോകുന്ന വഴികളിലൂടെയാണ് നായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് മഠത്തിൽകാവ് ഭാഗത്ത് ഒരാൾക്ക് തെരുവുനായുടെ കടിയേറ്റത്.
ഒഴിഞ്ഞ കെട്ടിടങ്ങളും മാലിന്യം നിറഞ്ഞ സ്ഥലങ്ങളുമാണ് തെരുവുനായ്ക്കൾ താവളമാക്കുന്നത്. രാത്രി നായ്ക്കളെ ചാക്കിൽകെട്ടി നഗരത്തിൽ ഉപേക്ഷിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. കോഴി, താറാവ് അടക്കം നിരവധി വളർത്തുജീവികൾ കോന്നിയിൽ തെരുവുനായ് ആക്രമണത്തിൽ ചത്തിട്ടുണ്ട്. റോഡരികിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മത്സ്യ- മാംസാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതും നായ് ശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.
പേവിഷ പ്രതിരോധ ക്ലിനിക്ക് തുറന്നു
വടശ്ശേരിക്കര: നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പേവിഷ പ്രതിരോധ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. നായ്ക്കളുടെയോ മറ്റ് വന്യജീവികളുടെയോ ആക്രമണമേൽക്കുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാനാണ് ക്ലിനിക്ക് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.