കോന്നി: വന്യമൃഗങ്ങളെ ഭയന്ന് കിലോമീറ്ററുകൾ താണ്ടി മണ്ണീറ, തലമാനം മേഖലകളിലെ വിദ്യാർഥികൾ വീട്ടിൽ എത്തുമ്പോൾ നേരം ഇരുട്ടും. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറയിലേക്ക് ബസ് സര്‍വിസ് ആരംഭിക്കാത്തത് വിദ്യാർഥികളെ ദുരിതത്തിലാക്കുന്നു.
മണ്ണീറ, തലമാനം, വടക്കേമണ്ണീറ പ്രദേശങ്ങളില്‍നിന്ന് നിരവധി വിദ്യാർഥികളാണ് എലിമുള്ളുംപ്ലാക്കല്‍, കോന്നി, തണ്ണിത്തോട്, പത്തനംതിട്ട തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്കൂളുകളിൽ പോകുന്നത്.
മുണ്ടോംമൂഴി പാലത്തിന് സമീപം ബസിറങ്ങുന്ന ഇവര്‍ സ്വന്തം വീടുകളിലേക്ക് എത്തണമെങ്കില്‍ കിലോമീറ്ററുകളോളം നടക്കണം. ഓട്ടോ ടാക്സി വാഹനങ്ങളില്‍ ഇവിടേക്ക് എത്തിച്ചേരണമെങ്കിലും വിദ്യാർഥികള്‍ക്ക് നല്ലൊരു തുക ഇതിനായി ചെലവാകും. സാധാരണക്കാരായ കുടുംബങ്ങളിൽനിന്നുള്ള ഈ വിദ്യാർഥികൾക്ക് പണം ചെലവാക്കി യാത്ര ചെയ്യാനും കഴിയുന്നില്ല.
കോന്നി-തണ്ണിത്തോട്-കരിമാന്‍തോട് റൂട്ടില്‍ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ഒരു ബസുപോലും മണ്ണീറയിലേക്ക് എത്തുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തിയിരുന്ന പ്രദേശമായിരുന്നു ഇത്.
രാവിലെയും വൈകീട്ടും ബസുകള്‍ സര്‍വിസ് നടത്തിയെങ്കില്‍ മാത്രമേ വിദ്യാർഥികള്‍ നേരിടുന്ന യാത്ര ദുരിതത്തിന് പരിഹാരമാകൂ എന്ന് നാട്ടുകാർ പറഞ്ഞു. മണ്ണീറയിലേക്കുള്ള യാത്രയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രം മുതല്‍ ഫോറസ്റ്റ് സ്റ്റേഷന് വരെയുള്ള വനഭാഗവും വിദ്യാർഥികള്‍ക്ക് അപകട ഭീതി വര്‍ധിപ്പിക്കുന്നു. മുമ്പ് പലതവണ ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് ബസ് സര്‍വിസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.