കോന്നി: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കല്ലേലി ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലെ തൊഴിലാളികൾ. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളികളായ പെരുമാൾ (52), വത്സമ്മ (45), കെ. അജി (52), മണിയമ്മ (45) എന്നിവർ ജോലിക്ക് പോകുന്നതിനിടെ ഒറ്റയാൻ ഇവരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഓടിമാറുന്നതിനിടെ തൊഴിലാളികളുടെ കൈയിൽ ഉണ്ടായിരുന്ന ബക്കറ്റ് നിലത്തുവീണു.
ആന ബക്കറ്റ് ചവിട്ടി നശിപ്പിക്കുകയും ചെയ്തു. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന വനാതിർത്തിയിലാണ് എസ്റ്റേറ്റ്. ഇവിടെ കൈത കൃഷി ഉള്ളതിനാൽ അവ തിന്നാനും കാട്ടാന എത്തുന്നുണ്ട്.
വനമേഖലയോട് ചേർന്ന സ്ഥലത്ത് സോളാർ വേലിയും സ്ഥാപിച്ചിട്ടില്ല. കാട്ടാന ശല്യം രൂക്ഷമായതോടെ വനാതിർത്തിയിൽ കിടങ്ങ് നിർമിക്കാൻ അനുമതി നൽകണമെന്ന് വനംവകുപ്പിനോട് എസ്റ്റേറ്റ് അധികൃതർ ആവശ്യപ്പെട്ടിട്ടും ഇതിനും തയാറായിട്ടില്ല എന്നും പറയുന്നു. കാട്ടാന ആക്രമണം രൂക്ഷമായതോടെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽപോലും സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ലയങ്ങളുടെ അടുത്തുവരെ മുമ്പ് കാട്ടാന എത്തിയിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. പുലർച്ച ജോലിക്ക് പോകുന്നവരാണ് അധികവും. കാട്ടാനയെ ഭയന്ന് ജോലിക്ക് പോകാൻ കഴിയുന്നില്ല എന്നും തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.