പത്തനംതിട്ട: ദേശീയപാത 183എ ഭരണിക്കാവ് - മുണ്ടക്കയം റോഡിന്റെ സ്ഥലം ഏറ്റെടുപ്പിന് സർവേ പൂർത്തിയാകുന്നു. അടുത്തമാസം പകുതിയോടെ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പറും റവന്യൂ സ്കെച്ചും പരിശോധിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതാണ് അടുത്തഘട്ടം. രണ്ടു മാസത്തിനുള്ളിൽ അതും പൂർത്തിയാകും. മുംബൈ ആസ്ഥാനമായ സ്റ്റുപ് കൺസൾട്ടൻസാണ് സർവേ നടത്തുന്നത്. ഒരുവർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
നിലവിലെ റോഡ് 16 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതാണ് പദ്ധതി. ബൈപാസുകളിൽ 30 മീറ്റർ വീതിയിൽ നാലുവരി പാതയുണ്ടാക്കും. ജനവാസ കേന്ദ്രങ്ങളിലെ സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കും. കാര്യമായ എതിർപ്പുകളൊന്നുമില്ലാതെയാണ് സർവേ നടക്കുന്നത്. വീടുകളും കെട്ടിടങ്ങളും ഒഴിവാക്കിയായിരിക്കും നിർമാണം. സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയായതിനെ തുടർന്ന് റോഡിന്റെ വീതി 16 മീറ്ററായി കുറക്കുകയായിരുന്നു.
അലൈൻമെന്റിൽ കടമ്പനാട് ഭാഗത്ത് മാറ്റം വരുത്തിയിട്ടുണ്ട്. കടമ്പനാട് മുതൽ തുവയൂർ ജങ്ഷൻ വരെയുള്ള വളവുകൾ ഒഴിവാക്കി. പകരം കടമ്പനാട് ജങ്ഷന് കിഴക്ക് ഷാപ്പ് മുക്കിൽനിന്ന് തുടങ്ങി കീഴൂട്ടകാവ് ക്ഷേത്രത്തിന് സമീപത്തെ കൃഷിസ്ഥലം, കെ.എ.പി മെയിൻ കനാലിന്റെ കിഴക്ക് ഭാഗം, തുവയൂർ ജങ്ഷൻ ഭാഗങ്ങളിലൂടെയാണ് പുതിയ സർവേ നടത്തിയത്. വളവുകളും വീടുകളും കെട്ടിടങ്ങളും ഒഴിവാക്കാനാണിത്.
അടൂർ, തട്ട, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, പ്ലാപ്പള്ളി, കണമല, എരുമേലി, പുലിക്കുന്ന് വഴിയാണ് ദേശീയപാത മുണ്ടക്കയത്ത് ചേരുന്നത്. സർവേ റിപ്പോർട്ട് ലഭിച്ചാലുടൻ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഗസറ്റിലും പത്രങ്ങളിലും പ്രസിദ്ധീകരിക്കും. പരാതികൾ കേട്ടശേഷം സ്ഥലം ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.