ചിറ്റാർ: വനാവകാശ നിയമപ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈവര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിലക്കലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അധികാരവും സമ്പത്തും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ താഴേത്തട്ടിലുള്ള ജനങ്ങളുടെ ജീവിതരീതിയില്‍ മാറ്റമുണ്ടാകും. അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാന്‍ ജനങ്ങള്‍കൂടി തയാറാവണം. പഠിക്കുവാന്‍ തയാറായിട്ടുള്ള എല്ലാ കുട്ടികളെയും പഠിപ്പിക്കും. പഠിക്കുവാന്‍ തയാറായിട്ടുള്ള ഒരുകുട്ടിയും പഠിക്കാതിരിക്കാന്‍ പാടില്ല. അതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്കൂള്‍ എന്ന പേരിലെ ട്രൈബല്‍ എടുത്തുകളയണം. ആ ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചുനടക്കേണ്ട കാര്യമില്ല. മനുഷ്യരെ ഒന്നായി കാണുകയാണ് വേണ്ടത്. എല്ലാവരും പഠിക്കുന്ന വലിയ സ്കൂളാക്കി മാറ്റണം. സ്കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നുകോടി ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ കെട്ടിടം നിര്‍മിക്കുന്നത്. രണ്ടുനിലകളിലായി 903.44 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന സ്കൂള്‍ കെട്ടിടത്തിന് ഒമ്പതു ക്ലാസ്മുറികളും പ്രഥമാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും പ്രത്യേകം മുറികളും ഓഡിറ്റോറിയവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും കിച്ചണ്‍ ബ്ലോക്കും ഉണ്ടാവും. 18 മാസമാണ് നിര്‍മാണ കാലാവധി.
പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, മുന്‍ എം.എല്‍.എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം.എസ്. ശ്യാം, പഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുക ഭായ്, റാന്നി ഡി.എഫ്.ഒ ജയകുമാര്‍ ശര്‍മ, ടി.ഡി.ഒ എസ്.എസ്. സുധീര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍, റാന്നി എ.ഇ.ഒ റോസമ്മ രാജന്, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ലെജു പി.തോമസ്, റാന്നി ബി.പി.സി ഷാജി എ.സലാം, കേരള കോണ്‍ഗ്രസ് എം പ്രതിനിധി അലിച്ചന്‍ ആറൊന്നില്‍, ജനതാദള്‍ എസ് പ്രതിനിധി രാമചന്ദ്രന് കണ്ണനു മണ്ണ്, ബി.ജെ.പി പ്രതിനിധി പി.എസ്. സന്തോഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് രജിത് കെ. രാജ്, ഊര് മൂപ്പന് വി.കെ. നാരായണന്, സ്കൂള്‍ വികസന സമിതി കണ്‍വീനര്‍ ബിനു പ്ലാമൂട്ടില്‍, ഹെഡ്മാസ്റ്റര് ബിജു തോമസ് അമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.