പത്തനംതിട്ട: മണ്ണെടുപ്പിനെ തുടർന്ന് വാര്യാപുരം- മുക്കൂട്-ഇടപ്പരിയാരം റോഡ് തകർന്നു. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് റോഡ്. ഏകദേശം രണ്ടു മാസത്തിലേറെയായി വാര്യാപുരം മുക്കൂട് സ്ഥലത്ത് കുന്നിടിച്ച് മണ്ണെടുപ്പ് തുടരുകയാണ്. ഇവിടത്തെ ഭവൻസ് സ്കൂളിന്റെ തുടർപ്രവർത്തനത്തിനായാണ് മണ്ണെടുത്ത് മാറ്റുന്നതെന്ന് നാട്ടുകാർ പറഞ്ഞു. യാതൊരു ക്രമീകരണങ്ങളും ഇല്ലാതെയാണ് മണ്ണെടുക്കുന്നത്. വലിയ വാഹനങ്ങൾ മണ്ണുമായി കടന്നുപോയതിനെ തുടർന്ന് റോഡിലെ കലുങ്കും തകർന്നു. മഴക്കാലത്ത് ഇതുവഴി സഞ്ചരിക്കാൻ പറ്റില്ല. ചെളി നിറഞ്ഞ റോഡിറോഡിലൂടെ സഞ്ചരിച്ചാൽ തെന്നി വീഴുന്ന അവസ്ഥയാണ്. മഴസമയത്ത് ചെളി വെള്ളം വീടുകളിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
വാർഡ് മെമ്പർമാരായ സജി തെക്കുംകര, അഡ്വ. സിനി എന്നിവർ സ്കൂളിൽ ചെന്ന് മണ്ണെടുപ്പ് നിർത്തണമെന്നാവശ്യപ്പെട്ടിരുന്നു. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് മണ്ണെടുപ്പിന് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ സ്കൂളുകാർ കോടതിയെ സമീപിച്ച് മണ്ണെടുപ്പിന് അനുവാദം വാങ്ങിയെടുത്തു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സ്കൂൾ അധികൃതരുമായി ചർച്ച ചെയ്തിട്ടും ഫലമുണ്ടായില്ല. റോഡ് നന്നാക്കാൻ 45 ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. ഈ വിവരം സ്കൂളിനെ അറിയിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല.
ഇതേതുടർന്ന് ജനകീയ സമരത്തിന് തുടക്കമിട്ടിരിക്കുയാണ്. വെള്ളിയാഴ്ച പഞ്ചായത്ത് അംഗങ്ങളായ സജി തെക്കുംകര, അഡ്വ. സിനി, പി.എം. ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരവും നടന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. ഇലന്തൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇതുപോലെ മണ്ണെടുപ്പ് നടക്കുന്നുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് ഒരു ക്രമീകരണവും ഇല്ലാതെയാണ് മണ്ണ് ലോബി ഇവിടെ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.