പത്തനംതിട്ട: ഇടതുമുന്നണി പ്രവേശനം പാർട്ടി പ്രവർത്തകരെ കൂടുതൽ ഊർജസ്വലരാക്കിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ജില്ല പ്രസിഡൻറ് എൻ.എം. രാജു. തെരഞ്ഞെടുപ്പിനെ നേരിടാൻ താഴെ തട്ടിൽവരെയുള്ള പ്രവർത്തകർ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞടുപ്പിൽ ജില്ലയിൽ കേരളകോൺഗ്രസ് സ്വീകരിക്കുന്ന നയങ്ങളും പ്രചാരണ പരിപാടികളും സംബന്ധിച്ച് 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു എൻ.എം. രാജു.
എല്ലായിടത്തും സീറ്റു വിഭജനം പൂർത്തിയായി. സ്ഥാനാർഥികളെ നിശ്ചയിക്കൽ അന്തിമഘട്ടത്തിലാണ്. രണ്ടുദിവസത്തിനകം അത് പൂർത്തിയാകും. കേരള കോൺഗ്രസ് എൽ.ഡി.എഫിനൊപ്പം തെരെഞ്ഞടുപ്പിനെ നേരിടുന്ന ആദ്യ സന്ദർഭമാണ്. വലിയ തർക്കങ്ങളൊന്നുമില്ലാതെ സീറ്റുവിഭജനം പൂർത്തിയാക്കാനായതിെൻറ സന്തോഷത്തിലാണ് പ്രവർത്തകർ. ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസ് രണ്ട് സീറ്റിലാണ് മത്സരിക്കുന്നത്. റാന്നിയും പുളിക്കീഴും. മുന്നണിയിലെ പല പാർട്ടികൾക്കും പല അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിലെല്ലാം പക്വതയോടെ തീരുമാനമെടുക്കാൻ മുന്നണി നേതൃത്വത്തിനായി.
ബ്ലോക്ക് പഞ്ചായത്തുകളിൽ 21ഉം നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി 110 വാർഡുകളും കേരള കോൺഗ്രസിന് സ്ഥാനാർഥികൾക്കായി എൽ.ഡി.എഫ് അനുവദിച്ചിട്ടുണ്ട്. നഗരസഭകളിൽ പന്തളം ഒഴികെ എല്ലായിടത്തും സീറ്റു വിഭജനം കഴിഞ്ഞു. ന്യായമായ പ്രാതിനിധ്യം ഞങ്ങൾക്ക് ലഭിച്ചു. പൂർണ സംതൃപ്തിയെന്ന് പറയാനാകില്ല. അത് ഒരു പാർട്ടിക്കും ഉണ്ടാകില്ല.
പാർട്ടി ഒരു നിലപാട് എടുത്തപ്പോൾ അതിനോട് എല്ലാ പ്രവർത്തകരും യോജിച്ച് നിൽക്കുകയാണ്. ചിലർക്ക് വിയോജിപ്പുണ്ടാകാം. അധികാരം വേണമെന്ന് ആഗ്രഹിക്കുന്നവരാണവർ. സാധാരണ പ്രവർത്തകർ അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിടുന്നവരല്ല. അവർ പാർട്ടി എടുത്ത തീരുമാനം അംഗീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
അധികാരവും സ്ഥാനവും ലക്ഷ്യമാക്കിയവർ അവ ലഭിക്കുന്ന പാർട്ടികളിലേക്ക് ചേക്കേറിയിട്ടുണ്ട്. വ്യക്തി അധിഷ്ഠിത നിലപാടുകളാണ് അവർക്കുള്ളത്. അവർക്കൊപ്പം പാർട്ടിയിലെ സാധാരണ പ്രവർത്തകർ ആരും കൂടിയിട്ടില്ല. എനിക്ക് യു.ഡി.എഫ് മുഖമാണ് അതിനാൽ യു.ഡി.എഫിലെ നിൽക്കുകയുള്ളൂ എന്നൊെക്ക പറഞ്ഞവരുണ്ട്.
ചരിത്രം പരിശോധിച്ചാൽ അവസരത്തിനൊത്ത് യു.ഡി.എഫിനെ തള്ളിപ്പറയുകയും രഹസ്യമായി എൽ.ഡി.എഫിെൻറ സഹായം സ്വീകരിക്കുകയും ചെയ്തവരാണെന്ന് പാർട്ടി പ്രവർത്തകർക്കറിയാം. അതിനാൽ പ്രവർത്തകർ അതിനെയെല്ലാം പുച്ഛിച്ചുതള്ളും. പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഞങ്ങളുടെ സ്വന്തം സ്ഥാനാർഥികൾ മത്സരിക്കുന്നിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം എല്ലാ വാർഡുകളിലെയും പാർട്ടി പ്രവർത്തകരെ എൽ.ഡി.എഫിെൻറ സ്ക്വാഡ്കൾക്കൊപ്പം ഇറങ്ങുന്നതിന് തയാറാക്കിക്കഴിഞ്ഞു.
വലിയ പ്രചാരണ മാർഗങ്ങളൊന്നും ഇത്തവണ ഉപയോഗിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാവർക്കുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണത്തിന് എൽ.ഡി.എഫിെൻറ ടീമുണ്ട്.
സി.പി.ഐയുമായി കേരള കോൺഗ്രസിന് ജില്ലയിൽ ഒരു പ്രശ്നവുമില്ല. സി.പി.ഐ ജില്ല സെക്രട്ടറിയുമായെല്ലാം നല്ല രീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. എതിരാളികളുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നത് എൽ.ഡി.എഫിെൻറ ശൈലിയല്ല.
എൽ.ഡി.എഫിന് ഒരു ശക്തിയുണ്ട്. അതിെൻറ മികവിൽ വിജയം കൊയ്തെടുക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങളുടെ ശക്തി പരമാവധി ഞങ്ങൾ പ്രയോഗിക്കുേമ്പാൾ എതിർപക്ഷത്ത് വിള്ളലുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.