പത്തനംതിട്ട: ജീവിതശൈലി രോഗങ്ങളും അതിന്റെ സങ്കീര്‍ണതകളും നേരത്തേ കണ്ടെത്തി ചികിത്സ നല്കുന്ന 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തുറക്കും. ശബരിമലവാര്ഡ് പ്രവർത്തിക്കുന്ന ബ്ലോക്കിന് സമീപത്തായിട്ടാണ് ഡിഗ്രി മെറ്റബോളിക് സെന്റര്‍ നിര്‍മിക്കുന്നത്. ഇതിനായി നഗരസഭ എൻജിനീയറുടെ നേതൃത്വത്തില്‍ ബുധനാഴ്ച സ്ഥലപരിശോധന നടത്തി. ആശുപത്രി അധികൃതരും ഒപ്പമുണ്ടായിരുന്നു. പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ വിജയകരമായതിനെത്തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം എന്നിവക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി കാര്യക്ഷമത, ഡയറ്റ് കൗണ്‍സലിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്നതാണ് ഇത്. പ്രമേഹം മാത്രമല്ല, ഇതു മൂലമുള്ള ഗുരുതര രോഗങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കും. സെന്റര്‍ നിര്‍മിക്കാനുള്ള ഫണ്ട് ആരോഗ്യ വകുപ്പില്‍നിന്ന് പത്തനംതിട്ട നഗരസഭക്ക് കൈമാറി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ഐ.സി.എം.ആറും നടത്തിയ പഠനത്തിൽ കേരളത്തിൽ 35 ശതമാനത്തിലേറെ പേർക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിരുന്നു.15 ശതമാനം പേർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. കേരളത്തിന്റെ പ്രമേഹ നിയന്ത്രണ നിരക്ക് 16 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.