പത്തനംതിട്ട: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ രണ്ട് ഡമ്മികൾ അടക്കം 10 സ്ഥാനാർഥികളുടെ 24 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ 17 എണ്ണം ജില്ല തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണന് അംഗീകരിച്ചു.
ഇടതുമുന്നണി സ്ഥാനാർഥി ടി.എം. തോമസ് ഐസക്ക്, യു.ഡി.എഫിന്റെ ആന്റോ ആന്റണി, ബി.ജെ.പിയുടെ അനില്‍ കെ. ആന്റണി എന്നിവരുടെ നാല് സെറ്റ് പത്രികകളും സ്വീകരിച്ചു.
എൽ.ഡി.എഫിന്റെ ഡമ്മി സ്ഥാനാര്‍ഥി രാജു എബ്രഹാം (രണ്ട് സെറ്റ്), ബി.ജെ.പിയുടെ ഡമ്മി സ്ഥാനാര്‍ഥി എസ്. ജയശങ്കര്‍ എന്നിവരുടെ പത്രികകള്‍ തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത്.
ബി.എസ്.പിയുടെ ഗീതാകൃഷ്ണന്റെ മൂന്ന് പത്രികകള്‍ തള്ളിയപ്പോള്‍ ഒരെണ്ണം സ്വീകരിച്ചു. അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി എം.കെ. ഹരികുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.സി. തോമസ്, വി. അനൂപ് എന്നിവരുടെ പത്രികകളും സ്വീകരിച്ചു.
പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോയ് പി. മാത്യു നല്കിയ രണ്ടു പത്രികകളില്‍ ഒന്ന് സ്വീകരിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ 11ന് പത്തനംതിട്ട ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി, ചെലവ് നിരീക്ഷകന് കമലേഷ് കുമാര്‍ മീണ എന്നിവരുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മപരിശോധന പൂര്‍ത്തിയായത്.
ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ജില്ല ലോ ഓഫീസര്‍ കെ. സോണിഷ്, രാഷ്ട്രീയകകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.