പത്തനംതിട്ട: തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ബുധനാഴ്ച വൈകീട്ട് ആറു മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് 27ന് രാവിലെ ആറു വരെ ജില്ലയില്‍ 144 പുറപ്പെടുവിച്ച് വരണാധികാരിയും കലക്ടറുമായ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി.
നിരോധനാജ്ഞ കാലയളവില്‍ നിയമവിരുദ്ധമായ സംഘം ചേരല്‍ , പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യല്‍, പോളിങ് സ്റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ, പോളിങ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള കോഡ്ലെസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിംഗ് ദിനത്തില്‍ പോളിങ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന് ബൂത്തുകള്‍ സജ്ജീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തല്‍, ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളവര്‍ ഒഴികെയുള്ളവര്‍ പോളിംഗ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യല്‍ എന്നിവയ്ക്ക് നിരോധനമുണ്ട്.
വോട്ടിംഗ് കേന്ദ്രം, ഷോപ്പിംഗ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. നിശ്ശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച കേരളം ലോക്സഭയില്‍ - തെരഞ്ഞെടുപ്പ് ചരിത്രം 1952-2019' എന്ന തെരഞ്ഞെടുപ്പ് ഗൈഡിന്റെ ജില്ലാതല പ്രകാശനം വരണാധികാരിയും കലക്ടറുമായ എസ് പ്രേം കൃഷ്ണന് നിര്‍വഹിച്ചു. ആദ്യ കോപ്പി എ.ഡി.എം ജി സുരേഷ് ബാബു ഏറ്റുവാങ്ങി. 1952 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് രീതി വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഗൈഡ്.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി പത്മചന്ദ്രകുറുപ്പ്, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ കെ അനില്‍കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ ടി രമ്യ, കാഞ്ഞിരപ്പള്ളി എആര്‍ഓ ഷാജി ക്ലമന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.