പത്തനംതിട്ട: തെരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണോപാധിയായി സമൂഹ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. പഴയകാലത്തെ കവലകളിലെ രാഷ്ട്രീയ തർക്കങ്ങളും വെല്ലുവിളികളും പന്തയം വെക്കലുമെല്ലാം ഇന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ്. സംസ്ഥാന - ദേശീയ തലത്തിൽ കോടികളാണ് ഈ മേഖലയിലേക്ക് ഒഴുകുന്നത്. പതിവ് പ്രചാരണ പരിപാടികൾക്ക് ഒപ്പം മാറിയ കാലത്തിന്റെ മുഖമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും നന്നായി വിനിയോഗിക്കുകയാണ് പാർട്ടികളും സ്ഥാനാർഥികളും.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളില്‍ സംയമനം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസ്സിന് നിരക്കാത്തതോ ആയ അഭിപ്രായങ്ങൾ പങ്കുവെക്കരുതെന്ന് കമ്മീഷന് നിർദ്ദേശിച്ചു.
വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് പകരം പ്രശ്നാധിഷ്ഠിതമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും കമ്മീഷൻ ഉപദേശിച്ചു. ജാതി, വംശ വികാരങ്ങളുടെ അടിസ്ഥാനത്തിൽ വോട്ടഭ്യര്‍ഥന പാടില്ല. വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്ന പ്രചാരണങ്ങള്‍ പാടില്ലെന്നും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യാജ പ്രസ്താവനകളോ വോട്ടര്‍മാരെ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കരുത്.
എതിര് പാര്‍ട്ടിക്കാരെയും അവരുടെ പ്രവര്‍ത്തകരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പാടില്ല. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന പ്രസ്താവനകള്‍ നേതാക്കളോ, സ്ഥാനാര്‍ഥികളോ നടത്തരുത്. പരിശോധിച്ച് ഉറപ്പുവരുത്താത്തതും തെറ്റിധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുതെന്നും വാര്‍ത്തകള്‍ എന്ന തരത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.
തെരഞ്ഞെടുപ്പുകൾ സമൂഹ മാധ്യമങ്ങൾ കൈയടക്കിയ ഇക്കാലത്ത് പരസ്യ പ്രചാരണത്തില്‍ ചുവരെഴുത്തും ഫ്ലക്സ് ബോര്‍ഡുകളും പരിമിതമായാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ കളർ പോസ്റ്ററുകൾ ഇപ്പോഴും ചുവരുകളിൽ മത്സരാടിസ്ഥാനത്തിാലണ് പതിക്കപ്പെടുന്നത്.
പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് പുനഃചംക്രമണ (റീസൈക്കിള്‍) സാധ്യമല്ലാത്ത പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണി എന്നിവ ഉപയോഗിക്കരുതെന്ന് സംസ്ഥാന ശുചിത്വ മിഷന്റെ കര്‍ശന നിര്‍ദേശവും ഫ്ലക്സുകൾക്ക് ഭീഷണിയായി നിൽക്കുന്നു. ഇത് മിക്കവാറും രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നുമുണ്ട്.
പ്രചാരണ ബോര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച1തും 100 ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പി.വി.സി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂനിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ക്യൂ.ആര് കോഡ് എന്നിവയും പതിപ്പിക്കണം.
പരസ്യദാതാക്കള്‍ പരസ്യ പ്രചാരണ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും പരിസ്ഥിതി സൗഹാര്ദ്ദമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ട്. കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്സ്റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീന്‍ വസ്തുക്കള്‍ സി.ഐ.പി.ഇ.ടിയില്‍ നിന്നും പി.വി.സി -ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലീന്‍ എന്ന് സാക്ഷ്യപ്പെടുത്തിയും വില്‍ക്കണമെന്നാണ് വ്യാപാരികൾക്കുള്ള നിർദ്ദേശം. ഉപയോഗശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റ് പ്രിന്റിംഗ് യൂനിറ്റിലേക്കോ അംഗീകൃത റീസൈക്ലിങ്ങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേനക്കോ ക്ലീന്‍ കേരള കമ്പനിക്കോ യൂസര്‍ ഫീ നല്കി റീസൈക്ലിംഗിനായി തിരിച്ചേല്പിക്കണം.
ഹരിത കര്‍മ സേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കികൊണ്ട് പരസ്യ പ്രിന്റിംഗ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണം. നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകളില്‍ നിയമപാലകരെ തെറ്റിധരിപ്പിക്കും വിധം പി.വി.സി ഫ്രീ, റീസൈക്ലബിള്‍ ലോഗോയും പ്രിന്റിംഗ് യൂനിറ്റിന്റെ പേരും പതിച്ചുള്ള പരസ്യ പ്രചാരണ ബോര്‍ഡുകള്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചതായി കണ്ടെത്തുന്ന പക്ഷം പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ഏജന്‍സിയുടെയും ലൈസന്‍സ് പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.