പത്തനംതിട്ട: തെരഞ്ഞെടുപ്പ് ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നത് വോട്ടിങ് ഇടിവിൽ പത്തനംതിട്ട മുൻകൂട്ടി കൊടുത്ത സൂചനയായിരുന്നോ !. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ജനങ്ങളിൽ പൊതുവെ നിസ്സംഗത വലിയ തോതിൽ നിഴലിച്ച് കാണാമായിരുന്നു. പ്രത്യേകിച്ച് യുവതലമുറയിൽ. മൂന്ന് മുന്നണി സ്ഥാനാർഥികളും നേരിട്ട ആഭ്യന്തര പ്രശ്നങ്ങളും മറ്റൊരു ഘടകമായി. രാഷ്ട്രീയത്തിൽ പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിൽ കക്ഷികൾ കാണിക്കുന്ന നിരുത്തരവാദിത്തതിന് നേരെയുള്ള ജനങ്ങളുടെ പ്രതിഷേധമായ ഇത് വിലയിരുത്താം. മണ്ഡലത്തിലെ ഭൂരിപക്ഷം ബൂത്തുകളിലും പകുതി വോട്ടർമാർ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ മണ്ഡലമായി പത്തനംതിട്ട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വോട്ടിങ് ശതമാനം -63.37. കഴിഞ്ഞ പ്രാവശ്യം ചെയ്ത വോട്ടുകളെക്കാൾ 1,20, 826 വോട്ടുകളുടെ വ്യത്യാസമാണ് ഇപ്രാവശ്യം.
11 ശതമാനം വ്യത്യാസം. കഴിഞ്ഞ പ്രാവശ്യം (2019) ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ 74.24 ശതമാനമായിരുന്നു പോളിങ്. 13,82,741 വോട്ടർമാരിൽ 10,26,553 പേർ വോട്ട് ചെയ്തു. എന്നാൽ, 2014 ൽ 65.70 ശതമാനം മാത്രമായിരുന്നു പോളിങ്. 13,23,906 വോട്ടർമാരിൽ 8,69,452 പേർ മാത്രമാണ് വോട്ട് ചെയ്തത്. പത്തനംതിട്ട മണ്ഡലത്തിൽ പോളിങ് ശതമാനം നിർണായകമാണ്. വോട്ടിങ് ഇടിവ് മുന്നണികളുടെ പ്രതീക്ഷകളെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. മുന്നണി നേതൃത്വങ്ങൾ ജില്ല കേന്ദ്രത്തിൽ തെരഞ്ഞെടുപ്പ് വിശകലനംനടത്തി കണക്കുകൾ ഇഴകീറി പരിശോധിച്ചു. ഫലം അനുകൂലമാാകുമെന്ന പ്രതീക്ഷകളാണ് പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.