മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറായി ബി.െജ.പിയിലെ പി.ടി. സുധയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ സി.ടി. സാബു വരണാധികാരിയായിരുന്നു.
13 അംഗ പഞ്ചായത്തിൽ കോൺഗ്രസിന് ഏഴും എൽ.ഡി.എഫിനും ബി.െജ.പിക്കും മൂന്ന് അംഗങ്ങൾ വീതവുമാണുള്ളത്. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിട്ടു നിന്നതോടെ ഇരുപാർട്ടിക്കും മൂന്ന് വോട്ടുവീതം ലഭിച്ചു. നറുക്കിട്ടാണ് പ്രസിഡൻറിനെ തെരഞ്ഞെടുത്തത്.
പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. കോൺഗ്രസിന് പട്ടികജാതി വനിത അംഗമില്ലാത്തതിനാൽ എൽ.ഡി.എഫിലെ എം.എസ്. സുജാതയെ പിന്തുണക്കുകയായിരുന്നു.
എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായ പരാമർശങ്ങളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ പ്രസിഡൻറ് പുറത്തായതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ 14ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും കോൺഗ്രസ് വിട്ടുനിന്നു. ക്വോറം ഇല്ലായിരുന്നതിനാൽ വരണാധികാരി മാറ്റിവെക്കുകയായിരുന്നു.
തിങ്കളാഴ്ചയും കോൺഗ്രസ് വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. അവിശ്വാസം കൊണ്ടുവന്ന് പ്രസിഡൻറിനെ പുറത്താക്കിയ കോൺഗ്രസ് വിട്ടുനിന്നത് ബി.െജ.പിയെ സഹായിക്കുന്നതിനായിരുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.