മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ സി.കെ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് നിർമാണം വൈകുന്നത് നാട്ടുകാർക്ക് ദുരിതമായി. റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തി ടാറിങ് നടത്താൻ രണ്ടുകോടിയോളം രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞെങ്കിലും എങ്ങുമെത്തിയിട്ടില്ല. മൂന്ന് കലുങ്കുകളുടെ നിർമാണം പൂർത്തിയാക്കി.
നിർമാണത്തിന് ഇറക്കിയ മെറ്റൽ റോഡിൽ നിരന്ന് അപകടങ്ങളും പതിവാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നീണ്ടകാലത്ത കാത്തിരിപ്പിനുനൊടുവിലാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ, ഫണ്ട് അനുവദിച്ച് നിർമാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കുന്നത് വൈകുന്നതിലാണ് പ്രതിഷേധം. നിർമാണ പ്രവൃത്തികൾ വൈകിപ്പിക്കുന്നതിൽ കാരാറുകാരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
കോട്ടാങ്ങൽ പടയണികാലത്ത് തിരക്ക് ഒഴിവാക്കാൻ വാഹനങ്ങൾ കടത്തിവിടുന്നത് സി.കെ റോഡ് വഴിയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് പടയണിക്കുള്ളത്. പടയണിക്ക് മുമ്പ് ടാറിങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, നിർമാണം വൈകുന്നതിന്റെ കാരണം കരാറുകാരനും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ടാറിങ് ജോലികൾ നടത്തിയതല്ലാതെ പിന്നെ അറ്റകുറ്റപ്പണി ഒന്നും നടത്തിയില്ല. വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന സി.കെ റോഡ് അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോൾ കാൽനടപോലും ദുസ്സഹമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.