മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം, യാത്രക്കാർ ഭീതിയിൽ. നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി.ബസ് സ്റ്റാൻഡിൽനിന്ന് കൃത്യസമയത്ത് പുറപ്പെടുന്ന ബസുകൾ പിന്നെ ഇഴഞ്ഞാണ് നീങ്ങുന്നത്. ആവശ്യമില്ലാതെ മിനിറ്റുകളോളം ഓരോ സ്ഥലങ്ങളിലും നിർത്തിയിടുകയാണ്. തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് മൂശാരിക്കവല വരെ എത്തുന്നതിന് കാൽ മണിക്കൂറോളം സമയം എടുക്കുന്നു.
പിന്നിൽ സർവിസ് നടത്തുന്ന ബസ് കണ്ടതിനുശേഷമാണ് വേഗത കൂട്ടുന്നത്. പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും മിന്നൽ വേഗത്തിലാണ്. ഇത് അപകടത്തിന് കാരണമാകുന്നു. ഈ റൂട്ടിൽ മിക്ക ബസുകളും അഞ്ചും പത്തും മിനിറ്റ് വ്യത്യാസത്തിലാണ് സർവിസ് നടത്തുന്നത്. മറ്റ് ബസുകളുടെ സമയമെടുത്താണ് ഓരോ ബസിന്റെയും സർവിസ്.
സമയകൃത്യത പാലിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ജീവനക്കാർ തമ്മിൽ അസഭ്യം പറച്ചിലും വാഹനങ്ങൾ തമ്മിൽ ഉരസലും മറ്റും പതിവാണ്. ജീവൻ പണയംവെച്ചാണ് തിരുവല്ല-മല്ലപ്പള്ളി റൂട്ടിൽ യാത്രക്കാർ ബസിൽ കയറുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരുമായി സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തിൽ പ്രതിഷേധം ശക്തമാണ്.
മല്ലപ്പള്ളി: വിദ്യാർഥികളെ കയറ്റാത്തതും ഇരിക്കാൻ സീറ്റുകൾ നൽകാത്തതുമായ സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് മല്ലപ്പള്ളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എ. അനിജു ഉദ്ഘാടനം ചെയ്തു.
വിജിൽ കുരുവിള അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ബാബ പാലയ്ക്കൽ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി പി.ടി. ഷിനു, കെ.ആർ. രാജേഷ്, മനീഷ് കൃഷ്ണൻകുട്ടി, പ്രസാദ് മുരണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിജിൽ കുരുവിള (പ്രസി), ആദിത്യ ബാലൻ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.