മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. യാത്രക്കാർ ഭീതിയിൽ. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി.
ബസുകളുടെ സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിൽ വാക്തർക്കവും സംഘർഷവും പതിവാണ്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ വാഗ്വാദവും സംഘർഷവുമുണ്ടായി. ബസ് സ്റ്റാൻഡിൽനിന്ന് സമയത്തിന് പുറപ്പെടുന്ന ബസുകൾ പിന്നെ ഇഴഞ്ഞാണ് നീങ്ങുന്നത്. ആവശ്യമില്ലാതെ മിനിറ്റുകളോളം ഓരോ സ്ഥലങ്ങളിലും നിർത്തിയിടുക പതിവാണ്.
തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് മൂശാരിക്കവല വരെ എത്താൻ കാൽ മണിക്കൂറോളം എടുക്കുന്നു.
പിന്നിൽ വരുന്ന ബസ് കണ്ടതിനുശേഷമാണ് വേഗം കൂട്ടുന്നത് പിന്നെ മരണപ്പാച്ചിലാണ്. യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും മിന്നൽ വേഗത്തിലാണ്. ഇത് അപകടത്തിന് കാരണമാകുന്നു. ഈ റൂട്ടിൽ മിക്ക ബസുകളും അഞ്ചും പത്തും മിനിറ്റ് വ്യത്യാസത്തിലാണ് സർവിസ് നടത്തുന്നത്. മറ്റ് ബസുകളുടെ സമയമെടുത്താണ് ഓരോ ബസിന്റെയും സർവിസ്.
സമയകൃത്യത പാലിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ജീവൻ പണയംവെച്ചാണ് തിരുവല്ല-മല്ലപ്പള്ളി റൂട്ടിൽ യാത്രക്കാർ ബസിൽ കയറുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരുമായി സർവിസ് നടക്കുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തിൽ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വാഹന പരിശോധനവും മറ്റും കർശനമാക്കിയിരുന്നു. ഈ സമയങ്ങളിൽ പ്രശ്നങ്ങളും ഒഴിവായതാണ്. എന്നാൽ, പിന്നീട് അധികൃതർ എല്ലാം ഒഴിവാക്കി ഇതോടെ എല്ലാം പഴയസ്ഥിതിയിലുമെത്തി. ബസുകളുടെ മരണപ്പാച്ചിലും അപകടങ്ങളും പതിവായിട്ടും അധികാരികൾ നടപടിയെടുക്കാൻ മടി കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.