മല്ലപ്പള്ളി: കൊറ്റനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥി നിർണയത്തിനായി ചേർന്ന കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തമ്മിൽ കൈയാങ്കളി. സംഘർഷത്തിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മേലേതിന് പരിക്കേറ്റു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ. പി.ജെ. കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് കൈയാങ്കളി ഉണ്ടായത്. സി.പി.ഐ അംഗം മനോജ് ചരളേൽ ദേവസ്വം ബോർഡ് അംഗമായതിനെ തുടർന്ന് രാജിവെച്ച ഒഴിവിൽ മേയ് 17നാണ് തെരഞ്ഞെടുപ്പ്.
യോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഏഴാംവാർഡ് കോൺഗ്രസ് സ്ഥാനാർഥിയായി കഴിഞ്ഞതവണ വിമതനായി മത്സരിച്ചതിന്റെ പേരിൽ പുറത്താക്കിയ ആളെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പി.ജെ. കുര്യന്റെ സമ്മർദത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്ന പേരിൽ പ്രവർത്തകരിൽ ഒരുവിഭാഗം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. വാഗ്വാദവും അസഭ്യവർഷവും അവസാനം കൈയാങ്കളി വരെയെത്തി. പെരുമ്പെട്ടി പൊലീസിൽ പരാതിയും എത്തി.
മുൻ എം.എൽ.എ മാലേത്ത് സരളാദേവി, മുൻ ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ, ബ്ലോക്ക് പ്രസിഡന്റ് പ്രകാശ് കുമാർ ചരളേൽ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.