മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ (സി.കെ) റോഡ് നിർമാണം ഇഴയുന്നതിൽ പ്രതിഷേധം ശക്തം. ഉന്നത നിലവാരത്തിൽ ഉയർത്തി റോഡ് ടാറിങ് നടത്തുന്നതിന് രണ്ടു കോടിയോളം രൂപ അനുവദിച്ച് നിർമാണം തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും പ്രവൃത്തികൾ എങ്ങുമെത്തിയിട്ടില്ല. മൂന്ന് കലുങ്കിന്റെ നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. മറ്റു പണികൾ ഇഴഞ്ഞ് നീങ്ങുകയാണ്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നീണ്ടകാലത്ത ആവശ്യത്തിനൊടുവിലാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ, ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കുന്നത് വൈകുന്നതിലാണ് പ്രതിഷേധം. ഇതുകാരണം കരാറുകാരനും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയതല്ലാതെ അറ്റകുറ്റപ്പണിയൊന്നും പിന്നീട് നടന്നിട്ടില്ല. ടാറിങ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോൾ റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് അപകട ഭീഷണിയായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ നിരന്നുകിടക്കുന്ന മെറ്റൽ തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ ആശ്രയിക്കുന്ന സി.കെ റോഡ് അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോൾ കാൽനടപോലും ദുസ്സഹമായിരിക്കുകയാണ്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി അധികൃതർ റോഡിന്റെ വശങ്ങൾ കുഴിച്ചതോടെ ദുരിതം ഇരട്ടിയായി. അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ചളിയും വെള്ളക്കെട്ടും നിറയുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവ് കാഴ്ചയാണ്.
ചുങ്കപ്പാറ-കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപാസ് കൂടിയാണിത്. രോഗികളുമായി ഹോസ്പിറ്റലുകളിൽ പോകുന്നതിനുപോലും വാഹനം വിളിച്ചാൽ റോഡിന്റെ ശോച്യാവസ്ഥ കാരണം വരാൻ മടിക്കുകയാണ്. നിർമാണം വൈകിപ്പിക്കുന്ന കരാറുകാരന്റെ പേരിൽ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമാണ്.
കരാറുകാരനെതിരെ നാട്ടുകാർക്കിടയിൽ വലിയ അമർഷമാണ് പുകയുന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.