മല്ലപ്പള്ളി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് പ്രവേശനകവാടം തകർച്ചയിൽ. ഇവിടെ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പൊതുമരാമത്ത് ഓടയുടെ മൂടികൾ താഴ്ചയിൽ സ്ഥിതി ചെയ്യുന്നതാണ്. ഇതിന്റെ ഇരുവശവും പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെടുന്നതാണ് വെള്ളക്കെട്ടിന് കാരണമായത്. മാസങ്ങളായി ബസ് സ്റ്റാൻഡിന്റെ പ്രവേശ കവാടം ഈ സ്ഥിതിയിലെത്തിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല. കെ.എസ്.ആർ.ടിസിയും സ്വകാര്യ ബസുകളും ഉൾപ്പെടെ കയറിയിറങ്ങുന്ന സ്റ്റാൻഡിനാണ് ഈ ദുർഗതി. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് ചളിവെള്ളം തെറിക്കുന്നത് പതിവാണ്. ജീർണാവസ്ഥയിലെത്തിയ മൂടികളാണ് ഏറെയും.
ബസുകൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകാനും ഒരു കവാടം മാത്രമാണുള്ളത്. തകർന്ന ഭാഗം ഒഴിവാക്കി ബസുകൾ സ്റ്റാൻഡിലേക്ക് കയറാനും ഇറങ്ങാനും ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്ന സ്ഥിതിയാണ്. ഇത് മുടികളുടെ തകർച്ചക്ക് ആക്കംകൂട്ടുന്നു. ജൽ ജീവൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി ശരിയായി മൂടാതിരുന്നതാണ് ഇതിന് കാരണമായത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ പ്രവേശന കവാടത്തിലെ ദുരിതത്തോടൊപ്പം വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ വെളിയിലേക്ക് ഇറക്കിവെക്കുന്നത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ബസുകൾ സ്റ്റാൻഡിൽ കയറാനും തിരിക്കാനും മറ്റും ഇത് തടസ്സമാകുന്നുണ്ട്.
കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ബന്ധപ്പെട്ടവർ വർഷങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തെങ്കിലും കടലാസിലൊതുങ്ങി. പ്രവേശന കവാടത്തെ ശോച്യാവസ്ഥക്കും യാത്രക്കാർക്ക് ബസ് സ്റ്റാൻഡിലുണ്ടാകുന ദുരിതങ്ങൾക്കും പരിഹാരം കാണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.