മല്ലപ്പള്ളി : താലൂക്ക് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു. കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ നട്ടം തിരിയുകയാണ് കർഷകർ. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ ആക്രമണം പതിവായി മാറി. ചേന, ചേമ്പ്, കപ്പ, കാച്ചിൽ വാഴ, തെങ്ങിൻ തൈകൾ എന്നിവയെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. കൃഷി സംരക്ഷിക്കാൻ വിവിധതരം മറകൾ സ്ഥാപിച്ചും, കൃഷിയിടങ്ങളിൽ കാവൽ കിടക്കേണ്ടതുമായ ഗതികേടിലുമാണ് കർഷകർ.
സൗരോർജ വേലിയും പന്നി മറയും വിളക്കുകളും സ്ഥാപിക്കാൻ ചെലവ് വർധിക്കുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും വില കുറഞ്ഞ പ്ലാസ്റ്റിക് വലകളും മുള്ളുവേലികളും സ്ഥാപിക്കുന്നവരുമുണ്ട്. സൗരോർജ വേലിക്ക് ഒരേക്കറിന് 50,000ത്തോളം രൂപ ചെലവാകുമെന്നാണ് കർഷകർ പറയുന്നത്. ഇതെല്ലാം സ്ഥാപിച്ചാലും സംരക്ഷണ ഭിത്തികൾ ചാടിക്കടന്നും വേലികൾ കുത്തി മറിച്ച് കളഞ്ഞും ഇവറ്റകൾ കൃഷിയിടത്തിൽ കടക്കുകയാണ്. ബാങ്ക് വായ്പയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തും പാട്ട കൃഷി ചെയ്ത കർഷകരെല്ലാം കടക്കെണിയിലാണ്. വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമായിരുന്ന ശല്യം ജനവാസ മേഖലകളിലും വ്യാപകമായിരിക്കുകയാണ്.
കൃഷി ഉപജിവനമാർഗമാക്കിയിരുന്ന കർഷക കുടുംബങ്ങൾ മുഴുപ്പട്ടിണിയിലാകുന്ന സ്ഥിതിയാണ്. വന്യജീവികളുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ആവശ്യമായ സഹായം പ്രഖ്യാപനങ്ങളിലും മറ്റും ഉണ്ടാകുന്നുണ്ടെങ്കിലും പലതും നടപ്പാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.