മല്ലപ്പള്ളി: താലൂക്ക് പരിധിയിൽ വൈദ്യുതി മുടക്കം പതിവാകുമ്പോഴും ഗാർഹിക ഗുണഭോക്താക്കളെയും വ്യാപാരികളെയും ഷോക്കടിപ്പിക്കുകയാണ് ഒടുവിലത്തെ വൈദ്യുതി ബിൽ. കുന്നന്താനം സ്വദേശിക്ക് വന്ന ബില്ല് 27,329 രൂപയാണ്. രണ്ടുമാസം മുമ്പ് വന്ന ബില്ല് 600 രൂപയിൽ താഴെയും. ചെറുകിട വ്യാപാരിയായ എഴുമറ്റൂർ സ്വദേശിക്ക് വന്നത് 3,619 രൂപ. കഴിഞ്ഞ ബിൽ തുക 1000ൽ താഴെയായിരുന്നു. വെണ്ണിക്കുളം സ്വദേശിക്ക് എത്തിയത് 8749 രൂപ. അവസാനം അടച്ചത് 900 രൂപയിൽ താഴെയും.
ബിൽ തുക അടക്കാനായി വായ്പയെടുക്കേണ്ട ഗതികേടിലാണ് താലൂക്കിലെ ഗുണഭോക്താക്കൾ. മഴപെയ്താൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മണിക്കൂറുകളും മിനിറ്റുകളും വ്യത്യാസത്തിലാണ് വൈദ്യുതി മുടങ്ങുന്നത്. പരാതിയുമായി എത്തുന്ന ഗുണഭോക്താക്കളെ ബിൽ തുക അടച്ചശേഷം പരിഹാരം കണ്ടെത്താമെന്ന പതിവ് വാക്കുകൾ പറഞ്ഞ് മടക്കുകയാണ് അധികാരികൾ. ഇടിമിന്നലിൽ മീറ്റർ ജംപ്ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും ബിൽ തുക ഈടാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സെക്യൂരിറ്റി വർധനക്ക് പുറമെ ഗുണഭോക്താക്കൾക്ക് നൽകുന്ന ഇരുട്ടടി അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. ബിൽ തുക അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കാൻ അധികൃതർ എത്തുന്നതിനാൽ ഇത്രയും വലിയ തുകകൾ കണ്ടെത്താൻ പലരും നെട്ടോട്ടം ഓടുകയാണ്. കെ.എസ്.ഇ.ബിയുടെ തുടർ നടപടികളിൽ താമസം നേരിടുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.