മല്ലപ്പള്ളി: പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ ആനിക്കാട് പഞ്ചായത്തിലെ കാവനാൽക്കടവ്-നെടുംകുന്നം റോഡിലൂടയുള്ള വാഹനയാത്ര ദുസ്സഹമാകുന്നു. കാവനാൽക്കടവ് മുതൽ വെള്ളിയാന്മാവ് വരെ ഇതുവഴിയുള്ള കാൽനടപോലും ദുരിതത്തിലാണ്.
ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിലെ പ്രധാന റോഡുകളിൽ 2019ൽ കുഴിയെടുത്തിരുന്നു. പൈപ്പ് സ്ഥാപിക്കാൻ ജോലി വൈകുന്നതാണ് റോഡ് നിർമാണത്തിന് കാലതാമസം നേരിടുന്നതെന്നതിന് കാരണമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, പൈപ്പ് സ്ഥാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും റോഡുകളുടെ പുനർനിർമാണത്തിന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാവനാൽക്കടവ് - നൂറോന്മാവ് - തെട്ടിൽപ്പടി - പുല്ലുകുത്തി റോഡുകളിൽ പത്തടി വ്യാസത്തിലും രണ്ട് അടി താഴ്ചയിലുമുള്ള ഇരുപതോളം ഗർത്തകളാണ് ഉള്ളത്. മഴ ശക്തമായതോടെ ഇതിലെല്ലാം മലിനജലം കെട്ടിക്കിടക്കുകയാണ്. റോഡിന്റെ വശങ്ങളിലെ കിണറുകളിൽ മാലിന്യം നിറഞ്ഞ ചളിവെള്ളം ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസ്സുകളിലെ വെള്ളവും മലിനമാകുന്ന സ്ഥിതിയാണ്. കുഴിയിലെ വെള്ളക്കെട്ടിന്റെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്.
പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നതിനാൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമെന്ന് പറഞ്ഞിരുന്ന പൊതുമരാമത്ത് അധികൃതർ ഇപ്പോൾ കരാറുകാരന്റെ മേൽ പഴിചാരി രക്ഷപ്പെടുകയാണ്. ആനിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്ന ആവശ്യം താലൂക്ക് വികസന സമിതിയിൽ ഉയർന്നതോടെ കരാറുകാരനെ മാറ്റി റോഡ് നിർമാണം അടിയന്തരമായി പുനരാരംഭിക്കുമെന്ന് വികസന സമിതി യോഗത്തിൽ അധികൃതർ അറിയിച്ചതുമാണ്. ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാനവികസസനമായ യാത്രസൗകര്യം പോലും ഇല്ലാതായ അവസ്ഥയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ ജനപ്രതിനിധികൾ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.