മല്ലപ്പള്ളി: ജില്ലയിൽ കേന്ദ്രാനുമതിയോടെ കൈയേറ്റം ക്രമപ്പെടുത്തി നൽകാനുള്ള 6362 പട്ടയങ്ങൾ മുടങ്ങിക്കിടക്കുന്നത് അപേക്ഷയിലെ പിശകുമൂലം. അർഹരായ എല്ലാവർക്കും പട്ടയം എന്ന സർക്കാർ നയത്തിന് തടസ്സം ഉദ്യോഗസ്ഥരുടെ പിശകാണെന്ന് പൊന്തൻപുഴ സമരസമിതി. 1/1/1977 മുമ്പുള്ള സംസ്ഥാനത്തെ മുഴുവൻ കൈയേറ്റങ്ങൾക്കും പട്ടയം നൽകാനുള്ള പ്രത്യേക നിയമത്തിന് 1993ൽ കേരളം രൂപം നൽകിയിരുന്നു. സംസ്ഥാനത്താകെ 18,722 പട്ടയങ്ങൾ ഈ വിധത്തിൽ വിതരണം ചെയ്യാൻ കഴിയും. ഇതിനു വനസംരക്ഷണ നിയമം അനുസരിച്ച് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ജില്ലയിൽനിന്നുള്ള 6362 പട്ടയങ്ങളുടെ അപേക്ഷയാണ് ആദ്യമായി കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്. 2012ൽ സമർപ്പിച്ച അപേക്ഷയിലെ ചില പിശകുകൾ പരിഹരിച്ച് 2019 അവസാനം വീണ്ടും സമർപ്പിച്ചു. ഈ അപേക്ഷ പാസാക്കിയെടുക്കാൻ റാന്നി-കോന്നി എം.എൽ.എമാർ നിരന്തരം ശ്രമിച്ചിട്ടും സാധ്യമായിട്ടില്ല. കേന്ദ്രത്തിന്റെ അനാസ്ഥകൊണ്ടാണ് അനുമതി നിഷേധിക്കപ്പെടുന്നത് എന്ന വിശദീകരണമാണ് കേരളം ആവർത്തിക്കുന്നത്. ഈ വിശദീകരണം അടിസ്ഥാനരഹിതമാണ്. അപേക്ഷയിലെ പിശകാണ് യഥാർഥത്തിൽ പട്ടയത്തിനു വിലങ്ങുതടിയായിരിക്കുന്നത്. 1980ലെ വനസംരക്ഷണ നിയമം അനുസരിച്ച് കൈയേറിയ വനഭൂമിയുടെ പട്ടിക മാത്രമാണ് കേന്ദ്രത്തിനു സമർപ്പിക്കേണ്ടത്. എന്നാൽ, പെരുമ്പെട്ടിയിലെ 414 കർഷകരുടെ വനത്തിന്റെ അതിർത്തിക്കു പുറത്തുള്ള 104.15ഹെക്ടർ ഭൂമികൂടി ഈ അപേക്ഷയിൽ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണമൂലം കടന്നുകൂടി. ഇക്കാര്യം കേന്ദ്രത്തിന്റെയും കോടതിയുടെയും ശ്രദ്ധയിൽ പൊന്തൻപുഴയിലെ കർഷകർ കൊണ്ടുവരുകയും ചെയ്തതാണ്. സംസ്ഥാന സർക്കാർ നിർദേശിച്ച വനം സർവേയിലൂടെ കർഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്ന് തെളിഞ്ഞ ഉടൻ തങ്ങളുടെ പിശക് മൂടിവെക്കാൻ ചില ഉദ്യോസ്ഥർ ഇടപെട്ട് സർവേ മുടക്കുകയായിരുന്നു. ഈ സർവേ പൂർത്തീകരിച്ചു അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലോ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലോ പുതുക്കിയ അപേക്ഷ നൽകുകയാണ് ഇനി സർക്കാറിനു മുന്നിലുള്ള വഴി. പിശക് പരിഹരിച്ചു അർഹരായ എല്ലാവർക്കും പട്ടയം എന്ന നയം നടപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും സമരസമിതി വക്താവ് ജയിംസ് കണ്ണിമല ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.