മല്ലപ്പള്ളി: വേനൽ ചൂട് കടുത്തതോടെ തീപിടിത്ത സാധ്യതയുള്ള താലൂക്കിന്റെ കിഴക്കൻ മലയോര മേഖലയിൽ ഫയർലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ-കൊറ്റനാട് പഞ്ചായത്തുകളിലെ വലിയകാവ് വനമേഖലയോട് ചേർന്നുകിടക്കുന്ന കരുവള്ളിക്കാട്, നിർമലപുരം, നാഗപ്പാറ, കൂവപ്ലാവ്, കിടികെട്ടിപ്പാറ, പന്നക്കപ്പതാൽ തുടങ്ങിയ പ്രദേശളിൽ കാട്ടുതീ പടരാൻ സാധ്യത ഏറെയാണ്.
കഴിത്ത വർഷം നാഗപ്പാറ, നിർമലപുരം മേഖലയിൽ വനത്തിൽനിന്ന് തീകയറി പ്രദേശത്തെ ഏക്കറുകണക്കിന് കൃഷിഭൂമിയും വനത്തിലെ 20 ഏക്കറോളം വരുന്ന സ്ഥലത്തെ ഉണങ്ങിയ വൃക്ഷങ്ങളും അടിക്കാടും കത്തിനശിച്ചിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്. സമീപത്തെ വീടുകളുടെ മുറ്റത്തുവരെ പടർന്ന് എത്തിയിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാസേനയും മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീനിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. അഗ്നിരക്ഷാസേനക്ക് കടന്നുചെല്ലാൻ കഴിയാത്ത പ്രദേശങ്ങളായ വനമേഖലയിൽ തീപിടിത്തം ഉണ്ടായാൽ സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് പലപ്പോഴും ഉണ്ടായിട്ടുള്ളതും. വേനൽ കടുത്താൽ പ്രദേശങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ് കഴിയുന്നത്.
ചൂട് കൂടിയതിനാൽ വനമേഖലയും കൃഷിയിടങ്ങളും ബന്ധിപ്പിക്കുന്ന മേഖലകളിൽ സുരക്ഷാ സംവിധാനം ഒരുക്കാൻ അധികൃതർ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രദേശത്ത് ഫയർലൈൻ തെളിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.