മല്ലപ്പള്ളി: വെണ്ണിക്കുളം ജങ്ഷൻ ബസ് സ്റ്റോപ്പിലെ അനധികൃത വാഹന പാർക്കിങ് ഒഴിവാക്കാൻ നടപടിയില്ല. ഗതാഗതക്കുരുക്കിനെ തുടർന്ന് അപകടങ്ങൾ നിത്യസംഭവമാകുന്നു. കോട്ടയം റോഡിലെ ബസ് സ്റ്റോപ്പിലാണ് ഏറെ കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെ റോഡിന്റെ വശങ്ങൾ മിക്കപ്പോഴും സ്വകാര്യ വാഹനങ്ങൾ കൈയടക്കുകയാണ്. വാഹനങ്ങളുടെ പാർക്കിങ് കാരണം റോഡിലേക്ക് ഇറക്കിയാണ് ബസുകൾ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതുമൂലം മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനും സാധിക്കുന്നില്ല. നേരത്തേ ഇവിടെ നോപാർക്കിങ് ബോർഡും ബസ് സ്റ്റോപ് ബോർഡും സ്ഥാപിച്ചിരുന്നു.
താലൂക്ക് വികസന സമിതി യോഗത്തിൽ വെണ്ണിക്കുളത്തെ ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും ഒഴിവാക്കണമെന്ന ആവശ്യം നിരവധി തവണ ഉയർന്നിരുന്നു. എന്നാൽ, എല്ലാം കടലാസിൽ ഒതുങ്ങുകയാണ് പതിവ്. പൊലീസിനെയോ, ഹോംഗാർഡിനെയോ നിയമിക്കാനും തീരുമാനമായിരുന്നു. ട്രാഫിക് ഉപദേശകസമിതി യോഗം വിളിക്കാനും തീരുമാനം എടുത്തതല്ലാതെ പിന്നീട് നടപടി ഒന്നും ഉണ്ടായിട്ടില്ല.
ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രകാശിക്കുന്നത് വല്ലപ്പോഴും മാത്രമായതിനാൽ നാലുവശത്തുനിന്നും വരുന്ന വാഹനങ്ങൾ തോന്നിയ പോലെയാണ് കടന്നുപോകുന്നത്. ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമാകുന്നു. പാറ ഉൽപന്നങ്ങളുമായി ഒരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പർ ലോറികൾ കടന്നുപോകുന്നതും. വെണ്ണിക്കുളം ജങ്ഷനിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.