മല്ലപ്പള്ളി: ഇരു കരക്കാർ മത്സര ബുദ്ധിയോടെ നടത്തുന്നചരിത്ര പ്രസിദ്ധമായ കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി വ്യാഴായ്ച നടക്കും. ബുധനാഴ് കുളത്തൂർ കരക്കാരുടെ വലിയ പടയണി നടന്നു. തിരുമുമ്പിൽ വേല, മറ്റു പടയണി ചടങ്ങുകൾ കരക്കാരുടെ സാന്നിധ്യത്തിൽ കൊണ്ടാടി. തുടർന്ന് ആചാരപരമായി പടയണി കോട്ടാങ്ങൽ കരക്കാർ ഏറ്റെടുത്തു.
മഹാ ഘോഷയാത്രയും വേലയും വിളക്കും വൈകുന്നേരം നാലിന് ചുങ്കപ്പാറയിൽ നിന്നും ആരംഭിക്കും. തുടർന്ന് മഠത്തിൽ വേല നടക്കും. ദേവി മഠത്തിൽ എഴുന്നള്ളി വേല കളി കാണുന്നു എന്നതിനാൽ സവിശേഷ പ്രാധാന്യമാണ് ഇതിനുള്ളത്. കിഴക്കേനടയിൽ തിരു മുമ്പിൽ വേല, തിരു മുമ്പിൽ പറ എന്നിവയും നടക്കും. വലിയ പടയണി നാളുകളിൽ ദേവി തിരുമുഖം അണിഞ്ഞു സർവ്വാഭരണ വിഭൂഷിതയായി ഭക്തർക്കു അനുഗ്രഹമേകും.
രാത്രി പന്ത്രണ്ടിന് വലിയ പടയണി ആരംഭിക്കും. പ്രകൃതി ദത്തമായ വർണ്ണങ്ങൾ ഉപയോഗിച്ച് 101 പച്ച പാളകളിൽ ദേവീ രൂപം എഴുതി തുള്ളുന്ന 101 പാള ഭൈരവി കോലം വലിയ പടയണി നാളിൽ എത്തുമ്പോൾ കരക്കാർ ആത്മനിർവൃതിയിൽ ആറാടും. 64,32,16 പാള ഭൈരവികൾ, യക്ഷി, അരക്കി യക്ഷി, മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും.
മാർകണ്ടേയചരിത്രമാണ് കാലൻ കോലതിന്റെ ഇതി വൃത്തം. മൃത്യു ഭീതിയിൽ നിന്നും മോചനം നേടാൻ കരക്കാർ കാലൻ കോലം വഴിപാട് കഴിക്കുന്നു. തുടർന്ന് മംഗള ഭൈരവി കളത്തിൽ എത്തും. സകല തെറ്റുകളും പൊറുത്തു അനുഗ്രഹമേകണം എന്ന പ്രാർത്ഥനയോടെ വലിയ പടയണി സമാപിക്കുന്നത്.
വെള്ളിയാഴ്ച ഭരണി നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളുന്നതോടെ മത്സരപടയണിക്കു സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.