മല്ലപ്പള്ളി: പാമ്പാടി, മാന്തുരുത്തി, നെടുങ്കുന്നം, പുന്നവേലി, കുളത്തൂർമൂഴി, പെരുമ്പെട്ടി, റാന്നി പ്രദേശങ്ങളുടെ സമഗ്രവികസനത്തിന് ഉപകരിക്കുന്ന പാമ്പാടി-റാന്നി ഹൈവേക്കായി പ്രദേശവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.നെടുങ്കുന്നത്തുനിന്ന് മണിമലവഴി റാന്നിയിലെത്താൻ 30 കിലോമീറ്റർ ദൂരമുണ്ട്. നിർദിഷ്ട പാതയിലൂടെ 24 കിലോമീറ്റർ സഞ്ചരിച്ചാൽ റാന്നിയിലെത്തും.
പുതുപ്പള്ളി, തിരുവല്ല, കാഞ്ഞിരപ്പള്ളി, റാന്നി നിയോജക മണ്ഡലങ്ങളിലെ നിരവധി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരമാർഗത്തിന് ഏറെ പ്രയോജനം ചെയ്യും. റാന്നി, എരുമേലി, പത്തനംതിട്ട, പുനലൂർ, കോഴഞ്ചേരി പ്രദേശങ്ങളിലേക്കുള്ള തിരക്കുകുറഞ്ഞ പാതയാകുമിത്. നിർദിഷ്ട ശബരിമല വിമാനത്താവളത്തിലേക്കുള്ള ലിങ്ക് റോഡായും ഉപകരിക്കും. നിരവധി തീർഥാടന-വിനോദ സഞ്ചാര മേഖലകളിൽ കൂടിയാകും റോഡ് കടന്നുപോകുന്നതും.
കുളത്തൂർമൂഴി ഹിന്ദുമത കൺവെൻഷൻ, തൃച്ചേപ്പുറം വാവുബലി തീർഥാടനം, കോട്ടാങ്ങൽ പടയണി, കുളത്തൂർ മലപ്രത്യക്ഷ രക്ഷാ ദൈവസഭ തീർഥാടനം, കാട്ടിക്കാവ് ശുഭാനന്ദമഠം, കരിയം പ്ലാവ് കൺവെൻഷൻ, ശബരിമല, മാരാമൺ, ചെറുകോൽപുഴ തുടങ്ങി തീർഥാടന കേന്ദ്രങ്ങളുടെ സീസണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകുന്നതിനും ഈ റോഡ് സഹായകമാകും. ദേശീയ പാതയായ കെ.കെ റോഡിൽനിന്ന് പാമ്പാടി, ആലാംപള്ളി, മാന്തുരുത്തി നെടുകുന്നം, പുന്നവേലി, കുളത്തൂർമൂഴി, പെരുമ്പെട്ടി, കരിയം പ്ലാവ്, കണ്ടൻപേരൂർ വഴി റാന്നിയിലേക്കുള്ള ഈ പാത ഉന്നത നിലവാരത്തിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക സംഘടനകളുടെ യോഗം പെരുമ്പെട്ടിയിൽ നടന്നു.
പെരുമ്പെട്ടി വികസന സമിതിക്കുവേണ്ടി സന്തോഷ് പെരുമ്പെട്ടി, ഉഷ ഗോപി, ജയിംസ് കണ്ണിമല, ബിനോ അത്യാലിൽ, അഡ്വ. സിബി മൈലേട്ടും, പുന്നവേലി വികസന സമിതിക്കുവേണ്ടി റോണി വർഗീസ് ബിജു പി. ജോൺ, കുളത്തൂർമൂഴി കർമസമിതിക്കുവേണ്ടി അഡ്വ. ഗോപകുമാർ മേക്കാംപുറം, ഡേ. ജോജി മാടപ്പാട്ട്, മാന്തുരുത്തി വികസന സമിതിക്കുവേണ്ടി രാജേഷ് കാരാപ്പള്ളി എന്നിവർ സംസാരിച്ചു. ഇതുസംബന്ധിച്ച് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, മാത്യു ടി. തോമസ് എന്നിവർക്ക് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.