മല്ലപ്പള്ളി: ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്കൂൾ പടിയിൽ സുരക്ഷാ സംവിധാനമില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. നൂറുകണക്കിന് വിദ്യാർഥികൾ ബസിലും കാൽനടയായും മറ്റും എത്തുന്ന ഇവിടെ ഒരു സുരക്ഷയും ഇല്ല. അപകട ഭീഷണി ഉയർത്തി വാഹനങ്ങൾ തലങ്ങും വിലങ്ങും മരണപ്പാച്ചിലാണ്.
സ്കൂളിന്റെ സമീപത്തെ പ്രധാന സ്റ്റോപ്പായതിനാൽ ബസുകളിലും മറ്റു സ്വകാര്യവാഹനങ്ങളിലുമായി സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ ഇറങ്ങുന്നത് ഇവിടെയാണ്. റോഡ് മുറിച്ചുകടക്കുന്നത് ഭീതിയോടെയാണ്.
ഒരു വാഹനം യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയാൽ മറുവശത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനം കാരണമാകുന്നു. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽക്കൂടി വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ വിദ്യാർഥികൾ ഇതിനിടയിലൂടെ വേണം നടന്നു പോകേണ്ടതും. അപകടസൂചന ബോർഡുകളോ സീബ്രാലൈൻപോലും ഇവിടെയില്ല. സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്ന് സ്കൂളുകളാണുള്ളത്. വേഗം നിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും പി.ടി.എ നേതൃത്വത്തിൽ പൊലീസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.