മല്ലപ്പള്ളി: യാത്രദുരിതം അനുഭവിക്കുന്ന പാലാ-തിരുവല്ല, ഈരാറ്റുപേട്ട-മല്ലപ്പള്ളി റൂട്ടുകളിലേക്ക് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് ആരംഭിക്കണമെന്ന്. പാലായിൽനിന്ന് പള്ളിക്കത്തോട്-കൊടുങ്ങൂർ-മണിമല-ചുങ്കപ്പാറ-എഴുമറ്റൂർ-വെണ്ണിക്കുളം വഴി തിരുവല്ലക്കും ഈരാറ്റുപേട്ടയിൽനിന്ന് കാഞ്ഞിരപ്പള്ളി-മണിമല-കോട്ടാങ്ങൽ-ചുങ്കപ്പാറ-വായ്പ്പൂര് വഴി മല്ലപ്പള്ളിക്കും സർവിസുകൾ ആരംഭിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമായിരിക്കുകയാണ്.
ഈ റൂട്ടുകളിൽ നേരത്തേ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസ് നടത്തിയിരുന്നതാണ്. എന്നാൽ, ബന്ധപ്പെട്ട വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവും മറ്റുകാരണവും മൂലം മാസങ്ങൾ കഴിയുമ്പോൾ പിൻവലിക്കുകയാണ് പതിവ്. ഗ്രാമീണ മേഖലകളിൽനിന്ന് കോട്ടയം, എറണാകുളം ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും യാത്രമാർഗമില്ലാതെ വലയുകയാണ്. കൃത്യസമയങ്ങളിൽ എത്തിപ്പെടാൻ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്.
നിരവധി ബസുകൾ കയറിയാണ് ദീർഘദൂരം സഞ്ചരിച്ച് കഷ്ടപ്പെടേണ്ട അവസ്ഥയാണ്. മറ്റ് പല സ്ഥലങ്ങളിലേക്കും സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളെ അധികൃതർ അവഗണിക്കുകയാണ്. പെർമിറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകാൻ തയാറാകുന്നില്ലെന്നും പറയപ്പെടുന്നു.
കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽനിന്ന് മണിമലവരെയും പാലാ ഡിപ്പോയിൽനിന്ന് പൊൻകുന്നം വരെയയും സർവിസ് നടത്തുന്നത് നിരവധി ബസുകളാണ്. ഈ സർവിസുകളിൽ ചിലത് നീട്ടിയാലും ഒരു പരിധിവരെ യാത്ര പ്രതിസന്ധി പരിഹരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.