മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് മുഖ്യകാരണം.
അലക്ഷ്യമായ വാഹന പാർക്കിങ് കാൽനടക്കാർക്കും ദുരിതമാകുകയാണ്. ഒട്ടേറെ കെ.എസ്.ആർ.ടി.സികളും സ്വകാര്യ ബസുകളും സർവിസ് നടത്തുന്ന റോഡിൽ എപ്പോഴും തിരക്കാണ്. റോഡിന്റെ വശങ്ങളിലാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ചിലയിടങ്ങളിൽ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതിനാൽ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം പലപ്പോഴും ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാകുന്നു. നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുമുണ്ട്. വാഹനങ്ങൾ കടന്നുപോകണമെങ്കിൽ പാർക്ക് ചെയ്ത വാഹനം മാറ്റണം. അതുവരെ മറ്റ് വാഹനങ്ങൾ കാത്തുകിടക്കേണ്ട ഗതികേടിലാണ്.
വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. ചന്ത പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാത കൈയേറിയുള്ള വഴിയോര കച്ചവടവും കുരുക്ക് മുറുക്കുന്നു.
ടൗണിലെയും സമീപങ്ങളിലെയും അനധികൃത പാർക്കിങ് സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ടൗണിൽ ഹോംഗാർഡിന്റെയും പൊലീസിന്റെയും സേവനം ലഭ്യമാക്കുമെന്ന തീരുമാനവും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.