മല്ലപ്പള്ളി: വെണ്ണിക്കുളം-റാന്നി റോഡിൽ വെണ്ണിക്കുളം ജങ്ഷനിൽ ശനിയാഴ്ച തുറന്ന കാത്തിരിപ്പ് കേന്ദ്രം തൊട്ടടുത്ത ദിവസം സാമൂഹിക വിരുദ്ധർ തകർത്തു. ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അദ്ദേഹം തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
ശനിയാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്ത കാത്തിരിപ്പ് കേന്ദ്രമാണ് ഞായറാഴ്ച രാവിലെ അടിച്ചുതകർത്ത നിലയിൽ കാണപ്പെട്ടത്. വെണ്ണിക്കുളം ജങ്ഷനു സമീപം സി.പി.എം ലോക്കൽ കമ്മിറ്റി നിർമിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ആന്റോ ആന്റണിയും കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. തൊട്ടടുത്ത് രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം എന്തിനാണെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിനിടയാണ് ശനിയാഴ്ച ആന്റോ ആന്റണിയും കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
സി.പി.എം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്ന് ആന്റോ ആന്റണി പറഞ്ഞു. പഞ്ചായത്തിന്റെയും പി.ഡബ്ല്യു.ഡിയുടെയും എൻ.ഒ.സിയും ജില്ല ഭരണകൂടത്തിന്റെ അനുമതിയും ലഭിച്ചശേഷം നിർമിച്ച കാത്തിരിപ്പ് കേന്ദ്രം തകർത്തവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. പൊലീസ് ഇക്കാര്യത്തിൽ സത്യസന്ധമായി പ്രവർത്തിക്കണമെന്നും സ്വാധീനത്തിന് വശപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്നും എം.പി പറഞ്ഞു.
ഭരണക്കാരുടെ അസഹിഷ്ണുതയും സങ്കുചിത രാഷ്ട്രീയവും വെച്ചുള്ള തരംതാഴ്ന്ന കളിയാണിതെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. എന്നാൽ, ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് ഗ്രൂപ് തർക്കമാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്. അക്രമികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി കോയിപ്രം എസ്.എച്ച്.ഒ പറഞ്ഞു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.