പത്തനംതിട്ട:128ാമത് മാരാമണ്‍ കണ്വെന്ഷന് സംഘടിപ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മാരാമണ്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല മുന്നൊരുക്കം വിലയിരുത്തുന്നതിന് കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
പമ്പാ നദിയുടെ മാരാമണ്‍ തീരം കെട്ടി സംരക്ഷിക്കുന്നതിന് ജലവിഭവ വകുപ്പ് 32 ലക്ഷം രൂപ അനുവദിച്ചു. ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കുന്ന കണ്വെന്ഷന് മികവുറ്റ രീതിയില്‍ പൂര്‍ത്തിയാക്കും. കോവിഡ് ഇടവേളക്കുശേഷം നടക്കുന്ന കണ്‍വെന്‍ഷനായതിനാൽ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ ഏകോപനമുണ്ടാകും. ചെറുകോല്‍പ്പുഴ - മുട്ടുമണ്‍ റോഡ് അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും അനധികൃതമായി നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടനം ഏറ്റവും മികച്ച രീതിയില്‍ ഒരുക്കിയെന്നും അതേ ഏകോപനം മാരാമണ്‍ കണ്‍വെന്‍ഷന്റെ കാര്യത്തിലും സ്വീകരിക്കണമെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു കുറവുമുണ്ടാകില്ലെന്നും റോഷി പറഞ്ഞു.
കൺവെന്ഷന് തടസ്സമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. കൺവെന്ഷന് നഗറില്‍ ആരോഗ്യവകുപ്പ് നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷക്കായി മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. നഗറില്‍ താൽക്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. കൺവെന്ഷന് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും ഫോഗിങ്ങും നടത്തും. കൺവെന്ഷന് ആരംഭിക്കും മുമ്പ് ഹോട്ടലുകളില്‍ പരിശോധന നടത്തും. കൺവെന്ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വിസ് നടത്തും.
കൺവെന്ഷന് നഗറില്‍ താൽക്കാലിക ബസ് സ്റ്റേഷന് പ്രവര്‍ത്തിപ്പിക്കും. പാര്‍ക്കിങ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവക്കായി 250 പൊലീസ് ഉദ്യോഗസ്ഥരെ കൺവെന്ഷന് നഗറിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കും. കൺവെന്ഷന് നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരിവസ്തുക്കളുടെ വില്പന എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കും. എക്സൈസ് വകുപ്പിന്റെ വിമുക്തി പവിലിയന് നഗറില്‍ സ്ഥാപിക്കും.
റോഡിന്റെ വശങ്ങളിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും. കൺവെന്ഷന് കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താൽക്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പുകള്‍ പന്തല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി ആറ് ടാങ്കുകള്‍, താൽക്കാലിക ടാപ്പുകള്‍ എന്നിവ സ്ഥാപിക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിന് ജലപരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തും. സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ അടൂര്‍ ആർ.ഡി.ഒ ഏകോപിപ്പിക്കും.
കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ അനീഷ് കുന്നപ്പുഴ, അജി അലക്സ്, കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി പി.ഈശോ, മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യുസ്, ട്രഷറര്‍ ജേക്കബ് സാമുവേല്‍, കറസ്പോണ്ടന്റ് സെക്രട്ടറി പ്രഫ. ഡോ. അജിത് വര്‍ഗീസ് ജോര്‍ജ്, സഞ്ചാര സെക്രട്ടറി റവ. സജി പി.സൈമണ്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.