പത്തനംതിട്ട: വാക്കുകൾ കൊണ്ടല്ല പ്രവൃത്തികൊണ്ട് സമത്വം സൃഷ്ടിക്കാൻ സാധിക്കണമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവ. മാരാമൺ കൺവെൻഷനിൽ ബുധനാഴ്ച നടന്ന എക്യുമെനിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ മതിലുകൾക്ക് അപ്പുറമുള്ള മാനവസൗഹൃദത്തിലേക്കാണ് വിളിക്കപ്പെടേണ്ടത്. സഹോദരങ്ങളിൽ വേർതിരിവ് വരുത്തുന്നത് നമ്മുടെ ബലഹീനതയാണ്. നാം ഇഷ്ടപ്പെടാത്ത കഷ്ടത മറ്റുള്ളവർക്കും ഉണ്ടാകരുത് എന്ന ഉന്നത ദർശനം കാത്തുസൂക്ഷിക്കണം.
സ്നേഹനത്തിലൂടെ വിഭവങ്ങളെ പങ്കുവെക്കുമ്പോഴാണ് ഒരു എക്യുമെനിസ ജീവിതശൈലി രൂപപ്പെടുത്താൻ കഴിയുന്നതെന്നും കാതോലിക്കബാവ പറഞ്ഞു. മാർത്തോമസഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അന്തർസംസ്ഥാന തൊഴിലാളികളെ നമ്മുടെ സഹോദരങ്ങളായി കാണുന്ന മാനവ സംസ്കാരത്തിലേക്ക് നാം വളരണമെന്ന് മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. കൽദായ സുറിയാനിസഭയെ പ്രതിനിധാനം ചെയ്ത് മാർ ഔബേൻ കുര്യാക്കോസും സി.എസ്.ഐ സഭയിൽനിന്ന് അസീർ എബനേസറും പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ 7.30ന് ബൈബിൾ ക്ലാസിന് ഡോ. ജോൺ പൊന്നുസാമി നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.