പത്തനംതിട്ട: മാരാമണ്‍ കണ്വന്ഷന്, അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്, മഞ്ഞനിക്കര പെരുന്നാള്‍ എന്നിവയുടെ ഒരുക്കങ്ങൾ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ എ. ഷിബു, തിരുവല്ല സബ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മൂന്ന് പരിപാടികളുമായും ബന്ധപ്പെട്ട് ചുമതലയുളള സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. കണ്വെന്ഷന് നഗറിനു സമീപമുള്ള നദീതീരങ്ങളിലും അപകടസാധ്യത കൂടിയ മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കണം. ക്രമാസമാധാനപാലനം, സുരക്ഷ, പാര്‍ക്കിങ്, ഗതാഗതം എന്നിവ സംബന്ധിച്ച ക്രമീകരങ്ങള്‍ പൊലീസ് വകുപ്പ് സജ്ജമാക്കണം. കണ്വന്ഷന് നഗറിലേക്കുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്തു നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്കി. റോഡ് സൈഡിലുള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്നും യാചക നിരോധനം ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനമായി.
അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് പരിഷത്ത് നടക്കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പരിഷത്ത് നഗറില്‍ സജ്ജമാക്കും. രാത്രി ഒന്‍പത് മണി വരെ പ്രഭാഷണം കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ക്ക് തിരിച്ച് പോകാന്‍ ആവശ്യമായ കെ.എസ്.ആര്‍ടി.സി അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തണം. എഴുമറ്റൂര്‍-പുളിമുക്ക് റോഡിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അവലോകനയോഗത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തവിഭാഗം ഡെപ്യുട്ടി കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പമ്പാനദിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പരിഷത്തിന്റെ ഭാഗമായി നടത്തണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. 22 ന് രാവിലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നേരിട്ട് സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെന്നും ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് കെട്ടിടവിഭാഗം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായര്‍, സെക്രട്ടറി എ.ആര് വിക്രമന് പിള്ള, വൈസ് പ്രസിഡന്റ് കെ.ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു.
മഞ്ഞനിക്കര പെരുന്നാളിനായുള്ള വകുപ്പുകളുടെ ക്രമീകരണങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഫെബ്രുവരി നാല് മുതല്‍ പത്ത് വരെ നടക്കുന്ന പെരുന്നാളില്‍ 9, 10 തീയതികളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യത.
അത് കണക്കിലെടുത്ത് വേണ്ട കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആ ദിവസങ്ങളില്‍ നടത്തണം. കെ.എസ്.ആര്‍ടി.സി താത്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിപ്പിക്കുകയും ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ഏർപ്പാടാക്കുകയും ചെയ്യണം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, സബ്കലക്ടര്‍ സഫ്ന നസറുദ്ദീന്‍, മാടപ്പാട്ട് കോര്‍ എപ്പിസ്കോപ്പ ഫാ. ജേക്കബ് തോമസ്, ഫാ. ബെന്‍സി മാത്യു, കെ.ടി വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.