എം.ജിയിൽ പ്രൈവറ്റ് പി.ജി വിദ്യാർഥികള്‍ക്ക് കൂട്ടത്തോല്‍വി; വിജയ ശതമാനം 8.9

പത്തനംതിട്ട: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രൈവറ്റ് പി.ജി വിദ്യാർഥികള്‍ക്ക് കൂട്ടത്തോൽവി. 2019ല്‍ അഡ്മിഷന്‍ എടുത്തവരുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം ജൂലൈ 30നാണ് പുറത്തുവന്നത്. രജിസ്റ്റര്‍ ചെയ്ത 3987 വിദ്യാർഥികളില്‍ പരീക്ഷ എഴുതിയവര്‍ 3017 മാത്രമാണ്. ഇവരില്‍ ജയിച്ചത് 269 പേർ. വിജയം 8.9 ശതമാനം. പരീക്ഷ വൈകിയതിനാൽ 970 പേർ കോഴ്സ് ഉപേക്ഷിച്ചു. എം.എസ്സി മാത്സ്, എം.എ സംസ്കൃതം, എം.എ ഫിലോസഫി, എം.എ ഇസ്ലാമിക് ഹിസ്റ്ററി എന്നിവയില്‍ രണ്ടു സെമസ്റ്ററിനും കൂടി ആരും ജയിച്ചില്ല. 60 പേർ രജിസ്റ്റർ ചെയ്ത എം.എസ്സിക്ക് 38 പേർ എഴുതിയെങ്കിലും ഒരാള്‍ വീതമാണ് ഓരോ സെമസ്റ്ററിനും പാസായത്. ഏറ്റവും കൂടുതൽ വിദ്യാർഥികള്‍ രജിസ്റ്റർ ചെയ്ത എം.കോമിനും ജയിച്ചത്‌ 5.9 ശതമാനം മാത്രം. എഴുതിയ 2390 പേരിൽ ജയിച്ചത് 141 പേർ മാത്രം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, അറബിക് ഭാഷ വിഷയങ്ങൾക്കെല്ലാം കൂടി 465 പേർ രജിസ്റ്റർ ചെയ്തു. 296 പേർ മാത്രം പരീക്ഷ എഴുതി. ജയിച്ചവർ 69. വിജയം 23.3 ശതമാനം.

സോഷ്യൽ സയൻസ് വിഷയങ്ങളായ സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്സ്, ഇസ്ലാമിക് ഹിസ്റ്ററി എന്നിവയിൽ ജയിച്ചവർ 59 പേർ. 2019ല്‍ അഡ്മിഷന്‍ എടുത്തവരുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ പരീക്ഷകള്‍ 2020 മേയിൽ നടക്കേണ്ടതാണ്. ഇത് 2021 ആഗസ്റ്റുവരെ നീട്ടിക്കൊണ്ടുപോയി. പരീക്ഷ താമസിച്ചത് മൂലം 970 പേർ കോഴ്സ് ഉപേക്ഷിച്ചു. 5140 രൂപ അടച്ച് രജിസ്ട്രേഷൻ നടത്തിയവരാണിവർ. ഈ ഇനത്തിൽ സർവകലാശാലക്ക് ലാഭം 49,85,800 രൂപ.

2022 ജനുവരിയില്‍ ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിച്ച ഇവരുടെ മൂന്നും നാലും സെമസ്റ്ററുകളുടെ പരീക്ഷഫലം പ്രഖ്യാപിക്കാനുണ്ട്. രണ്ടു മാസത്തിനുള്ളില്‍ പ്രഖ്യാപിച്ചാല്‍ തന്നെ നിലവില്‍ രണ്ടു അക്കാദമിക വര്‍ഷം ഇവര്‍ക്ക് നഷ്ടപ്പെട്ടു. തോറ്റവര്‍ക്ക് ഇനി നടക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എഴുതി ജയിക്കണം. അതിനാല്‍ ഇനി ഒരു അക്കാദമിക വര്‍ഷം കൂടി നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ ഒരു സെമസ്റ്റര്‍പോലും നടക്കാത്തതിനാല്‍ 2020, 2021 എന്നീ വര്‍ഷം പ്രവേശനം നടത്തിയവരും ആശങ്കയിലാണ്. 2020 അഡ്മിഷന്‍ അഫിലിയേറ്റഡ് കോളജ് പി.ജിക്കാരുടെ മൂന്ന് സെമസ്റ്റര്‍ കഴിഞ്ഞു.

എന്നാല്‍, ഇവർക്കൊപ്പം പ്രൈവറ്റായി ചേര്‍ന്നവരുടെ ഒരു സെമസ്റ്റര്‍പോലും നടത്തിയിട്ടില്ല. തോന്നുംപടി നടത്തുന്ന പരീക്ഷകളും തട്ടിക്കൂട്ടല്‍ മൂല്യനിർണയവുമാണ് ഇതിനൊക്കെ കാരണമെന്നാണ് ആക്ഷേപം. പുനർ മൂല്യനിർണയത്തിന് കൊടുക്കുന്ന 50 ശതമാനം പേപ്പറുകളിലും മാർക്ക്‌ വർധിക്കുന്നുണ്ടെന്നാണ് മുന്‍കാല അനുഭവം.

Tags:    
News Summary - Mass defeat for private PG students in MG; Success percentage 8.9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.