പത്തനംതിട്ട: ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ മുന്നൂറിൽപരം കോളജുകളിൽനിന്നായി പതിനായിരത്തോളം യുവ പ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്‌സനായ മന്ത്രി വീണ ജോർജ്, വർക്കിങ് ചെയർമാൻ റോഷൻ റോയ് മാത്യു, ജനറൽ കൺവീനർ ശരത് ശശിധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയാറാക്കുന്ന ഏഴ് വേദിയിലാണ് മത്സരം. ജില്ല സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. കോളജ് ഓഡിറ്റോറിയം, കാതോലിക്കേറ്റ് കോളജ് വോളിബാൾ കോർട്ട്, സെമിനാർ ഹാളുകൾ എന്നിവയാണ് മറ്റുവേദികൾ. 61 ഇനത്തിലാണ് മത്സരം. ആൺ-പെൺ വിഭാഗത്തിൽ മത്സരമുള്ള ഇനങ്ങളിലെല്ലാം ട്രാൻസ്ജെൻഡർ വിഭാഗത്തിനും മത്സരിക്കാൻ അവസരം നൽകുന്നെന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ട്. ഒന്നിന് വൈകീട്ട് മൂന്നിന് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കം കുറിക്കും. വൈകീട്ട് അഞ്ചിന് ജില്ല സ്റ്റേഡിയത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. നടി നവ്യ നായർ, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, നടൻ ആന്‍റണി വർഗീസ് പെപ്പേ, അനശ്വര രാജൻ, ഐ.എം. വിജയൻ, സംവിധായകൻ എബ്രിഡ് ഷൈൻ, നടൻ കൈലാഷ് എന്നിവർ ഉദ്ഘാടന-സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.