പത്തനംതിട്ട: കുടുംബത്തിന്റെ കണ്ണീർ കിനിഞ്ഞ പ്രാർഥനകൾക്കൊടുവിൽ യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് മുഹമ്മദ് അൻസിൽ(22) സുരക്ഷിതനായി നാട്ടിലെത്തി. പോരാട്ടം രൂക്ഷമായ സുമിയിൽനിന്ന് പോളണ്ട് വഴിയാണ് ഇന്ത്യയിലെത്തിയത്. സുമി മെഡിക്കൽ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നാലാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ദിവസങ്ങളോളമാണ് ബങ്കറിൽ കഴിഞ്ഞത്.
ഭക്ഷണം ഉണ്ടാക്കാനും ശൗചാലയ സൗകര്യം ഉപയോഗിക്കാനുമാണ് ഹോസ്റ്റൽ മുറിയിലേക്ക് പോയിരുന്നത്. ഇതിനിടയിൽ സൈറൺ കേട്ടാലുടൻ ബങ്കറിലേക്ക് ഓടും. ഇങ്ങനെ ദിവസങ്ങളോളമാണ് കഴിയേണ്ടിവന്നത്. പിന്നീട് വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യൻ എംബസിയുടെയും മറ്റും സഹായത്തോടെ രക്ഷപ്പെടാൻ കഴിഞ്ഞത്. സുമിയിൽനിന്ന് ബസ് മാർഗമാണ് പോൽത്താവ റെയിൽവേ സ്റ്റേഷനിലെത്തിയത്.
പല ബസുകളിലായി അറുനൂറോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. അവിടെനിന്ന് ലിവീവ് വഴി പോളണ്ടിലെത്തുകയായിരുന്നു. മൂന്ന് മണിക്കൂറിൽ എത്തേണ്ട ട്രെയിൻ 12 മണിക്കൂറോളം വൈകിയാണ് എത്തിയത്. പോളണ്ടിലും കൂറേയധികനേരം കാത്തുനിൽക്കേണ്ടിവന്നു. അവിടെനിന്ന് ഡൽഹിയിലെത്തിയശേഷം കേരളത്തിലെത്തുകയായിരുന്നു.
തുടർപഠനം എങ്ങനെയാകുമെന്ന് ആശങ്കയുണ്ട്. മൂന്നാംവർഷത്തിലേക്ക് കടക്കാനിരിക്കെയാണ് യുദ്ധമുണ്ടായത്. സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമെല്ലാം കോളേജിലാണ്. കൂട്ടുകാരായ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിലെത്തിയെങ്കിലും യുക്രെയ്ൻകാരുടെ കാര്യത്തിൽ ആശങ്കയുണ്ട്. അവരുടെ മെസേജുകളിൽ ഭീകരാന്തരീക്ഷം അറിയാൻ സാധിക്കുന്നുണ്ട്. പത്തനംതിട്ട ചുരളിക്കോട് വരിപ്ലാക്കൽ മുഹമ്മദ് മുഹസിന്റെയും അനില മുഹസിന്റെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.