പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ആരോപണ വിധേയരായ മുൻ ഭരണസമിതി ഹൈകോടതിയിൽ ഹരജി നൽകി. സി.പി.എം നേതാവ് ജെറി ഈശോ ഉമ്മന്റെ നേതൃത്വത്തിലെ ഭരണസമിതി നൽകിയ ഹരജി ഒക്ടോബർ ആറിന് പരിഗണിക്കുമെന്നാണ് അറിയുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ജോയന്റ് രജിസ്ട്രാർ പിരിച്ചുവിട്ടതെന്നും ബാങ്കിലുണ്ടായ പ്രശ്നങ്ങളും മറ്റും നേരത്തേ ഉണ്ടായതാണെന്നുമാണ് ഹരജിയിൽ പറയുന്നത്.
ബാങ്കിൽ 86.12 കോടിയുടെ ക്രമക്കേടുകൾ നടന്നതായ അന്വേഷണ റിപ്പോർട്ടും പിരിച്ചുവിടേണ്ടി വന്ന സാഹചര്യവും ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ടും സഹകരണ വകുപ്പിന്റെ അഭിഭാഷകനും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 18നാണ് ഭരണസമിതി പിരിച്ചുവിട്ട് ബാങ്ക് ഭരണം മൂന്നംഗ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് കീഴിലാക്കിയത്. കൂടുതൽ അറസ്റ്റുണ്ടായേക്കാമെന്ന സൂചന ശക്തമായതോടെയാണ് ആരോപണ വിധേയർ ഹൈകോടതിയ സമീപിച്ചത്. 86.12 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ സെക്രട്ടറി ജോഷ്വ മാത്യു, സി.പി.എം നേതാവായ മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവരാണ് മുഖ്യ പ്രതികൾ. ഇതിൽ ഒന്നാം പ്രതിയായ ജോഷ്വ മാത്യുവിനെ ഗോതമ്പ് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരുകയാണ്. മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതാണ്. അതിനിടെയാണ് അദ്ദേഹം ജാമ്യഹരജി ഹൈകോടതിയിൽ നൽകിയിട്ടുള്ളത്.
പത്തനംതിട്ട: മൈലപ്ര ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുന്‍ സെക്രട്ടറി ജോഷ്വ മാത്യുവിനെയും മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അടൂര്‍ യൂനിറ്റ് ഓഫിസില്‍ ഡിവൈ.എസ്.പി എം.എ. അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ജോഷ്വയും ജെറി ഈശോ ഉമ്മനും വിദഗ്ധമായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചതായി ഒരുമിച്ചുള്ള ചോദ്യംചെയ്യലില്‍ വെളിവായി. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ നടത്തിയ 3.94 കോടിയുടെ തട്ടിപ്പ് സംബന്ധിച്ചാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചയ്തത്. ക്രമക്കേടില്‍ ജോഷ്വാക്ക് മാത്രമാണ് പങ്ക് എന്ന സൂചനയാണ് ചോദ്യംചെയ്യലില്‍ പുറത്തു വന്നിരിക്കുന്നത്. മൈ ഫുഡ് റോളര്‍ ഫാക്ടറി എം.ഡിയാണ് ജോഷ്വ മാത്യു. ജെറി ഈശോ ഉമ്മന്‍ ചെയര്‍മാനുമാണ്. ജോഷ്വയെ നിയന്ത്രിക്കാന്‍ ചെയര്മാന് എന്ന നിലയില്‍ ജെറിക്ക് കഴിയാതെ പോയതാണ് വലിയ തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. ക്രമക്കേട് നടത്തി ജോഷ്വ വകമാറ്റിയ പണം വേറെ ആര്‍ക്കും ലഭിച്ചിട്ടില്ല.
പ്രധാനമായും ഫാക്ടറിയിലേക്ക് വ്യക്തിയുടെ പേരില്‍ എടുത്ത 60 ലക്ഷം രൂപയുടെ വായ്പ സംബന്ധിച്ചുള്ള വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍ നടന്നത്. വ്യക്തിയുടെ പേരിലെടുത്ത ഈ വായ്പ ബാങ്കിലേക്ക് വരുകയും ഇത് മുതലും പലിശയും സഹിതം 90 ലക്ഷം ഫാക്ടറിയില്‍നിന്ന് എടുത്ത് അടച്ച് തീർക്കുകയും ചെയ്തിരുന്നു. ജോഷ്വ മാത്യുവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ബാങ്കില്‍നിന്ന് വിരമിച്ചിട്ടും കേസുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നിട്ടും നടപടിയുണ്ടാകാതിരുന്നത് ജോഷ്വക്ക് അവിടെ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെന്നതിന്റെ സൂചനയായി അന്വേഷണ സംഘം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.