പത്തനംതിട്ട: നവകേരള സദസ്സിന് ജില്ലയിൽ ഒരുക്കം പൂർത്തിയായതായി കലക്ടർ എ. ഷിബുവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ അഞ്ചു മണ്ഡലത്തിലും സദസ്സ് അരങ്ങേറുന്ന വന്വേദികള് തയാറായി.
ആലപ്പുഴയിലെ സദസ്സ് അവസാനിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ജില്ലയിലേക്ക് കാബിനറ്റ് ബസ് കടന്നുവരും. മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തെ ജില്ല അതിര്‍ത്തിയായ കുറ്റൂരിൽ സ്വീകരിക്കും. തുടർന്ന് വൈകീട്ട് ആറിന് തിരുവല്ല എസ്.സി .എസ് ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യസദസ്സ് അരങ്ങേറും. രാത്രിയിൽ മുഖ്യമന്ത്രിയും സംഘവും പത്തനംതിട്ടയിൽ എത്തും. ഗെസ്റ്റ് ഹൗസിലും മറ്റുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങുക. ഞായറാഴ്ചയാണ് പത്തനംതിട്ടയിൽ ആറന്മുള മണ്ഡലത്തിലെ സദസ്സ്.
രാവിലെ ഒമ്പതിന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. 200ലേറെ പ്രമുഖർ പരിപാടിക്കെത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും വിശിഷ്ടവ്യക്തികളുമായി സംവദിക്കും. ഇവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി മുഖ്യമന്ത്രി നല്‍കുകയും നിർദേശങ്ങള്‍ വിലയിരുത്തുകയും ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം. രാവിലെ 11ന് ജില്ല സ്റ്റേഡിയത്തിലാണ് നവകേരള സദസ്സ്. അതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ പരാതികൾ സ്വീകരിച്ച് തുടങ്ങും. രാവിലെ തന്നെ കലാപരിപാടികൾ തുടങ്ങും. പിന്നെ മന്ത്രിമാർ സംസാരിക്കും. 11ന് മുഖ്യമന്ത്രിയുടെ പ്രസംഗം.
വൈകീട്ട് മൂന്നിന് റാന്നി മാര്‍ സേവിയസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും നാലിന് കോന്നി മണ്ഡലത്തിലെ സദസ്സ് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലും ആറിന് അടൂര്‍ മണ്ഡലത്തിലേത് വൈദ്യന്‍സ് ഗ്രൗണ്ടിലും അരങ്ങേറും. പരാതിക്കാരുടെ എണ്ണം കൂടിയാൽ അതിനനുസരിച്ച് കൗണ്ടറുകൾ ക്രമീകരിക്കും. അവസാന പരാതിയും സ്വീകരിച്ച ശേഷമേ പരിപാടി അവസാനിപ്പിക്കൂ എന്ന് കലക്ടർ പറഞ്ഞു. പരിപാടി മൂലം ശബരിമല തർഥാടകർക്ക് ഗതാഗത തടസ്സമുണ്ടാകാത്ത രീതിയിൽ ക്രമീകരണം ഉറപ്പാക്കും.
തിരുവല്ല: ശനിയാഴ്ച വൈകീട്ട് ആറിന് തിരുവല്ലയിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും പാർക്കിങ് ക്രമീകരണവും ഏർപ്പെടുത്തിയതായി ഡിവൈ.എസ്.പി എസ്. അഷാദ് അറിയിച്ചു. ദൂരെ സ്ഥലങ്ങളിലേക്ക് കടന്നുപോകുന്ന വാഹനങ്ങൾ ടൗണിലേക്ക് കടക്കാതെ മറ്റു റോഡുകളിലൂടെ തിരിഞ്ഞ് പോകണം. എടത്വ, മാവേലിക്കര ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാവുംഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം. എടത്വ, മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവർ ഇടിഞ്ഞില്ലത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാവുംഭാഗത്തെത്തി പോകണം. ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മറയ്ക്കച്ചിറയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കിഴക്കൻമുത്തൂർ-മുത്തൂർ റോഡിലൂടെ പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.