പത്തനംതിട്ട: സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി മാറ്റുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച രാവിലെ 11ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.
മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. ജില്ലയിലെ മാന്തുക, കുറിച്ചിമുട്ടം, പൂവത്തൂര്‍, മേത്താനം, തുവയൂര്‍ സൗത്ത്, വള്ളംകുളം, ഏഴംകുളം, നാരങ്ങാനം, ഐരവണ്‍, കല്ലുങ്കല്‍, പെരിങ്ങര, ആലംതുരുത്തി എന്നീ സബ് സെന്ററുകളാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളായി മാറുന്നത്.
പ്രദേശത്തെ എല്ലാ ആളുകളുടെയും വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുക, ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനുള്ള കാമ്പയിനുകളും ഇടപെടലും നടത്തുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കുടുംബ ക്ഷേമ പരിപാടികള്‍, ഗര്‍ഭകാലപരിചരണം, മാതൃശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക, പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതരവ്യാധികള്‍, ജീവിതശൈലീരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇടപെടലുകള്‍ നടത്തുക എന്നിവയും ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ വഴി നടപ്പാക്കും.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കും. ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ മിഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡര്‍ (എം.എല്‍.എസ്.പി) കൂടി വരുന്നതോടെ കൂടുതല്‍ സേവനങ്ങള്‍ ലഭിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാദേശിക പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.