പന്തളം: കേരളത്തെ ഒന്നാകെ മുക്കിക്കളഞ്ഞതായിരുന്നു 2018 ആഗസ്റ്റിലെ വെള്ളപ്പൊക്കം, 1924ലെ പ്രളയത്തിനു ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് 2018 സാക്ഷ്യം വഹിച്ചത്. 2018 ആഗസ്റ്റ് 15ന് ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ മഴയിൽ 16ന് പുലർച്ചയോടെ ജില്ലയിൽ ഏറ്റവും താഴ്ന്ന പ്രദേശമായ പന്തളത്തേക്ക് വെള്ളം ഇരച്ചെത്തിയതോടെ പ്രളയമായി പന്തളം മാറി. 2018 ആഗസ്റ്റ് 16, 17 തീയതികളിൽ പന്തളം ജങ്ഷനിൽ വെള്ളത്തിൽ മുങ്ങി. ഡാമുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിമർശനം ഉണ്ടായെങ്കിലും അച്ചൻകോവിലാറ്റിൽ ഡാമുകൾ ഇല്ല എന്നതാണ് പ്രത്യേകത. രണ്ടുദിവസം പന്തളത്തെ പൂർണമായും വെള്ളത്തിൽ മുക്കി. വീണ്ടും തീവ്രമഴയെത്തിയാൽ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ പന്തളം എന്തെല്ലാം മുൻകരുതൽ എടുത്തിട്ടുണ്ട് എന്ന കാര്യം ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടി നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് മഴക്കാലത്ത് പന്തളം ജങ്ഷന് മുക്കുന്നത്. വെള്ളക്കെട്ട് അതിവേഗം പമ്പ് ചെയ്തു നീക്കാൻ 42 എച്ച്.പി ശേഷിയുള്ള അഞ്ച് പമ്പുകൾ വിദേശ ധനസഹായത്തോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വാങ്ങി നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. നിലവിൽ വിവിധ പാടശേഖരസമിതികൾക്ക് നൽകിയിട്ടുള്ള പമ്പുകൾ വെള്ളപ്പൊക്കമുണ്ടായാൽ ദുരന്തനിവാരണ അതോറിറ്റി ഏറ്റെടുത്തു വെള്ളക്കെട്ട് നീക്കാൻ ഉപയോഗിക്കും. ഇത്തരം പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 20-30 അംഗങ്ങൾ വീതമുള്ള എമർജൻസി റെസ്പോൺസ് ടീം (ഇ.ആർ.ടി) രൂപവത്കരിക്കാനും തീരുമാനത്തിൽ ഉണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. കനാലുകളിലും തോടുകളിലുമെല്ലാം നീരൊഴുക്ക് സുഗമമാക്കുകയാണ് ഇപ്പോൾ നടക്കുന്ന പ്രളയ മുന്നൊരുക്കം. കൃഷിക്കുള്ള ജലസേചനത്തിലും മറ്റും നിർമിച്ച ഓരുമുട്ടുകൾ എന്നു വിളിക്കുന്ന താൽക്കാലിക ബണ്ടുകൾ പൊളിക്കലും ഇതിൽപെടും. വെള്ളപ്പൊക്കത്തിനു കാരണമാകുന്ന കനാലുകളും തോടുകളും മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള ഡ്രെയിനേജ് പദ്ധതി ഇതുവരെയും യാഥാർഥ്യമായിട്ടില്ല. ഇപ്പോഴും മഴ കലക്കുമ്പോൾ നെഞ്ചിൽ ഭീതിയോടെയാണ് പലരും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.