പന്തളം: അലക്ഷ്യമായ ഡ്രൈവിങ് മൂലം എം.സി റോഡിൽ അപകടം പതിവാകുന്നു. ഏറ്റവും ഒടുവിലത്തേതാണ് ബുധനാഴ്ച ഉണ്ടായത്. നേരം പുലർന്നപ്പോഴേക്കും എം.സി റോഡിൽ കുരമ്പാലക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടവാർത്ത ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. പുലർച്ച നാലിന് ആലുവയിൽനിന്നും തിരുവനന്തപുരത്തേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോകുകയായിരുന്ന പാഴ്സൽ വാനും തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും തമ്മിൽ കൂട്ടിയിടിച്ചാണ് രണ്ടുപേർ തൽക്ഷണം മരിക്കുകയും പതിനഞ്ചോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തത്. പാഴ്സൽ വാൻ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
വാൻവരുന്ന വരവ് കണ്ട് കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചു മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട് ഇടതുവശത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസിനു മുകളിൽ വീെണങ്കിലും വൻ അപകടം ഒഴിവാകുകയായിരുന്നു.
വാനിന്റെ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. എം.സി റോഡിൽ ചെങ്ങന്നൂരിനും അടൂരിനും ഇടയിലായി കഴിഞ്ഞ രണ്ടുദിവസമായി ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായി. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ സേഫ് സോൺ പദ്ധതി നടപ്പാക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുക, സുഗമമായ യാത്ര സാധ്യമാക്കുക എന്നിവയായിരുന്നു സേഫ് സോൺ പദ്ധതിക്കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ, ഏനാത്ത്, അടൂർ, പന്തളം ഭാഗങ്ങളിൽ അപകടം കൂടുകയാണ്. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടങ്ങളേറെയും. കുരമ്പാല, മെഡിക്കൽ മിഷൻ ജങ്ഷൻ, പന്തളം, കുളനട എന്നിവിടങ്ങൾ അപകടമേഖലകളാണ്.
2018ൽ 18 അപകടമാണ് പന്തളത്ത് ഉണ്ടായത്. 2019 മുതൽ 2022 വരെ 94 അപകടങ്ങളും. കുരമ്പാല പുത്തൻകാവ് ദേവീക്ഷേത്ര കാണിക്കവഞ്ചി ഭാഗത്തെ റോഡിലെ വളവാണ് പ്രധാന വില്ലൻ.
വളവിൽ അൽപം വീതിയുള്ളതിനാൽ അടൂർ നിന്ന് ഈ ഭാഗത്തേക്ക് വരുന്ന മിക്കവാഹനങ്ങളും ഇവിടെ ഓവർടേക്ക് ചെയ്യുന്നതും അപകട കാരണമാകുന്നു. വളവിലെ ഓവർ ടേക്കിങ്, നിയന്ത്രണ രേഖകൾ മറികടക്കൽ, അശ്രദ്ധമായി വാഹനം തിരിക്കൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
പന്തളം: എം.സി റോഡിൽ ഏനാത്ത് മുതൽ പന്തളം വരെയുള്ള ഭാഗത്ത് അപകടങ്ങൾ തുടർക്കഥ ആകുന്നത് റോഡിന്റെ നിർമാണത്തിലെ അപാകത മൂലം ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജി കണ്ണൻ. റോഡ് സേഫ്റ്റി അതോറിറ്റിയുടെ കീഴിൽ വിദഗ്ധസംഘം പഠനം നടത്തി അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ട്രാൻസ്പോർട്ട് റിസർച് ലബോറട്ടറി നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിധ്യം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.സി റോഡിലെ പൊലീസ് സ്റ്റേഷൻ തലങ്ങളിൽ കൂടുതൽ വാഹനങ്ങൾ നൽകുകയും പ്രത്യേക പരിശീലനം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനപാതയിൽ ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. മോട്ടോർവെഹിക്കിൾ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ട്. എം.സി റോഡിൽ അപകടമൊഴിയാത്ത ഒരു മാസം പോലും കടന്നു പോയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.