പന്തളം: പന്തളം എൻ.എസ്.എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർക്ക് എ.ബി.വി.പി പ്രവർത്തകരുടെ മർദനം. വ്യാഴാഴ്ച ഉച്ചയോടെയാണ് കാമ്പസിൽ സംഘടിച്ചെത്തിയ എ.ബി.വി.പി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംഘടിച്ചെത്തിയ എ.ബി.വി.പി പ്രവർത്തകരുടെ അക്രമത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റത്. മാരകായുധങ്ങളുമായാണ് വിദ്യാർഥികൾ കാമ്പസിൽ എത്തിയത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് മുതൽ പന്തളം കോളജിൽ എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷം നിലനിന്നിരുന്നു. ഗവർണർ വിവാദവും യൂനിവേഴ്സിറ്റി സെനറ്റിലേക്ക് പന്തളം കോളജിലെ എ.ബി.വി.പി പ്രവർത്തകരെ ഗവർണർ ശിപാർശ ചെയ്തതും അടക്കം വിഷയങ്ങളിലും ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഗവർണറെ എതിർത്തും അനുകൂലിച്ചും എസ്.എഫ്.ഐയുടെയും എ.ബി.വി.പിയുടെയും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
വ്യാഴാഴ്ച നടന്ന സംഘർഷത്തിൽ കോളജ് ചെയർമാനും രണ്ടാംവർഷ ഇക്കണോമിക്സ് വിദ്യാർഥിയുമായ വൈഷ്ണവ് (20), രണ്ടാംവർഷ ഇക്കണോമിക്സ് വിദ്യാർഥിയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂനിയൻ കൗൺസിലറുമായ അനന്തു (21) , രണ്ടാംവർഷ ഇക്കണോമിക്സ് വിദ്യാർഥിയും ഭിന്നശേഷിക്കാരനുമായ തട്ട പാറക്കര അങ്ങാടിയിൽ യദു (20), രണ്ടാം വർഷ ബി. എ ഇംഗ്ലീഷ് വിദ്യാർഥി വിവേക് (20), ഒന്നാംവർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥി സൂരജ് (19), രണ്ടാംവർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥി ഹരികൃഷ്ണൻ (20), രണ്ടാം വർഷ ഹിന്ദി വിദ്യാർഥി അനു എസ്. കുട്ടൻ (22) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം എസ്.എഫ്.ഐ പ്രവർത്തകർ പന്തളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പന്തളം കോളജിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.