പന്തളം: അയ്യൻകാളി തൊഴിലുറപ്പ് ഓവർസിയർ നിയമനത്തിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം. എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിലവിലെ ജീവനക്കാരിക്ക് 60 വയസ്സായിയെന്ന് കാണിച്ച് സർവിസിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. സർക്കാർ തീരുമാനങ്ങൾ അട്ടിമറിച്ചാണ് നടപടി. ഇന്റർവ്യൂ ബോർഡിൽ നഗരസഭ ചെയർപേഴ്സനും കൂടാതെ സെക്രട്ടറി, എക്സി. എൻജിനീയർ, കൃഷി ഓഫിസർ എന്നിവരും വേണമെന്ന സർക്കാർ ഉത്തരവ് മറികടന്നാണ് ബി.ജെ.പിയിലെ സ്ഥിരം സമിതി അധ്യക്ഷന്മാരെ ഉൾപ്പെടുത്തി ഇന്റർവ്യൂ ബോർഡ് രൂപവത്കരിച്ചത്. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്റെ ബന്ധുവിന് കൂടിയ മാർക്ക് നൽകി നിയമനത്തിന് കൗൺസിലിൽ സമർപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ബി.ജെ.പി നേതാക്കന്മാർ നിർദേശിച്ച ആളിന് രണ്ടാം സ്ഥാനം മാത്രം നൽകി. സംഭവം കൗൺസിൽ ചർച്ച ആയതോടെ ബി.ജെ.പിയിലെ രണ്ട് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ വിവേചനക്കുറിപ്പ് രേഖപ്പെടുത്തി. യോഗം ബഹിഷ്കരിച്ച് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ നഗരസഭയുടെ മുന്നിൽ സമരത്തിന് നേതൃത്യം നൽകി.
പന്തളം നഗരസഭയിലെ തൊഴിലുറപ്പ് ഓവർസിയർ നിയമനം സർക്കാർ ഉത്തരവു മറികടന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൗൺസിൽമാരും ആവശ്യപ്പെട്ടു. നിലവിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് താൽക്കാലിക ഉദ്യോഗസ്ഥരെ പിരിച്ചുവിടരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ പദ്ധതിയുടെ താൽക്കാലിക ഓവർസിയറെ പിരിച്ചുവിട്ട് പുതിയ ഓവർസിയറെ നിയമിക്കാനുള്ള ഭരണ സമിതിയുടെ തീരുമാനം സർക്കാർ ഉത്തരവുകളുടെ ലംഘനവും അഴിമതിയുമാണെന്ന് തെളിഞ്ഞിരിക്കുകയാണ് യു.ഡി.എഫ് കൗൺസിൽമാർ ആരോപിച്ചു.
നിരവധി ഉദ്യോഗാർഥികളെ വിളിച്ചു കൂടിക്കാഴ്ച നടത്തിയിട്ട് ഒരു സ്ഥിരം സമിതി അംഗത്തിന്റെ ബന്ധുവിനെ നിയമിക്കാൻ ഭരണ സമിതി തീരുമാനമെടുത്തതോടെ അഴിമതി നടന്നതായി തെളിഞ്ഞിരിക്കുകയാണ്. കരാർ അടിസ്ഥാനത്തിൽ ജൂൺ 30 വരെ സേവനത്തിൽ തുടർന്ന ജീവിക്കാരുടെ സേവന കാലാവധി അവസാനിക്കുന്ന മുറക്ക് ഒരു ദിവസം ബ്രേക്ക് നൽകി മൂന്നു മാസത്തേക്കാ അതല്ലെങ്കിൽ പദ്ധതിയുടെ കീഴിലെ ജീവനക്കാരുടെ സേവന കാലാവധി പുതുക്കുന്നത് സംബന്ധിച്ച് സർക്കാർ പുതുക്കിയ ഉത്തരവു പുറപ്പെടുവിക്കുന്നത് വരെയോ ഏതാണോ ആദ്യം വരുന്നത് അതുവരെ കാലാവധി ദീർഘിപ്പിച്ചു സെക്ഷൻ ഓഫിസറുടെ 1252-2024ാം നമ്പർ ഉത്തരവിൽ പറയുന്നു: ഈ ഉത്തരവ് മറച്ചുവെച്ചാണ് പന്തളം നഗരസഭയിൽ ബന്ധു നിയമനം നടത്തിയിട്ടുള്ളത്. അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, സെക്രട്ടറി കെ.ആർ. രവി, രത്നമണി സുരേന്ദ്രൻ ,പന്തളം മഹേഷ്, സുനിത വേണു തുടങ്ങിയവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.