പന്തളം: വോട്ടെണ്ണൽ കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുമെന്ന് അധികൃതർ. പന്തളം നഗരസഭ വോട്ടെണ്ണൽ ക്രമീകരണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ അധികൃതർ നിർദേശങ്ങൾ അറിയിച്ചു. പന്തളം എൻ.എസ്.എസ് കോളജിലാണ് വോട്ടെണ്ണൽ കേന്ദ്രം. നഗരസഭയിലെ 33 വാർഡുകളിലെ വോട്ടിങ് മെഷീനുകൾ നാല് ടേബിളുകളിലായി എണ്ണും. ആദ്യം പോസ്റ്റൽ ബാലറ്റുകളാകും എണ്ണുക.
വാർഡ് അടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫിസറുടെ ടേബിളിലാക്കും എണ്ണുക. തുടർന്ന് ഒന്നുമുതൽ നാലുവരെ വാർഡുകളും തുടർന്നുള്ള വാർഡുകളും എണ്ണും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാത്ത ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. റിട്ടേണിങ് ഓഫിസർ നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുള്ള സ്ഥാനാർഥികൾക്കും ഏജൻറിനും വാർഡുകളിലെ വോട്ടെണ്ണൽ നടത്തുമ്പോൾ മാത്രം വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാം.
സ്ഥാനാർഥികൾക്ക് ഓരോ വോട്ടെണ്ണൽ ഏജൻറുമാരെയും നിയമിക്കാം. വോട്ടെണ്ണൽ ഏജൻറ് പാസുകൾ 15 മുതൽ 16ന് രാവിലെ 7.30 വരെ വിതരണം ചെയ്യും. സ്ഥാനാർഥികൾക്കും ഏജൻറുമാർക്കും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല. കോവിഡ് വ്യാപനം പരിഗണിച്ച് ആൾക്കൂട്ടം നിയന്ത്രിക്കും. സ്ഥാനാർഥിക്കൊപ്പം ആൾക്കൂട്ടം പാടില്ല, ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണം, തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.