പന്തളം: സി.പി.എം പ്രവർത്തകന്‍റെ വീട് കയറി ബി.ജെ.പിക്കാർ ആക്രമിച്ചതായി പരാതി. കുരമ്പാല തോപ്പിന്‍റെ തെക്കേതിൽ സോമന്‍റെ വീട്ടിലാണ് രാത്രിയിൽ ആക്രമണം നടന്നത്.
സംഭവത്തിൽ പന്തളം നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി പന്തളം നഗരസഭ സെക്രട്ടറിയുമായ സുമേഷ് കുമാർ, പാർട്ടി പ്രവർത്തകനായ കുരമ്പാല തെക്ക് പ്ലാവിളയിൽ അപ്പു ആർ. പിള്ള, പനച്ചുവിളയിൽ ഗിരീഷ് കുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പന്തളം പൊലീസ് കേസെടുത്തു.
സോമന്‍റെ മകൻ സി.പി.എം പാലമുരുപ്പേൽ ബ്രാഞ്ച് അംഗം രാജേഷിനെ ആക്രമിക്കാനാണ് ഇവർ വീട്ടിൽ എത്തിയത്. എന്നാൽ, രാജേഷിന്‍റെ അമ്മ ഇന്ദിര വീടിന്റെ ഗ്രിൽ തുറക്കാതെ വന്നപ്പോൾ ഗ്രില്ല് ചവിട്ടി വളക്കുകയും ഗ്രില്ലിലൂടെ കൈകടത്തി വസ്ത്രം വലിച്ചു കീറുകയും, ആക്രമിക്കുകയും ചെയ്തു. രോഗിയായ ഇന്ദിരയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് അക്രമികൾ പിന്മാറിയതെന്ന് പരാതിയിൽ പറയുന്നു.
മുൻ ബി.ജെ.പി പ്രവർത്തകനായ രാജേഷിനെ ആക്രമിക്കുന്നതിനാണ് സുമേഷും സംഘവും എത്തിയതെന്ന് സി.പി.എം ആരോപിച്ചു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. പ്രദീപ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.