പന്തളം: എം.സി റോഡിലെ സുരക്ഷിത യാത്രക്കായി ലക്ഷ്യമിട്ട നടപ്പാതകളിൽ അപകടക്കെണി. കഴക്കൂട്ടത്തുനിന്ന് ആരംഭിച്ച് അടൂരിൽ അവസാനിക്കുമായിരുന്ന സുരക്ഷാ ഇടനാഴി പദ്ധതി അടൂരിൽനിന്ന് ചെങ്ങന്നൂരിലേക്ക് നീട്ടിയതോടെ റോഡ് വികസനത്തിന് വഴിയൊരുങ്ങി. അടൂർ മുതൽ ചെങ്ങന്നൂർവരെ പദ്ധതിക്ക് സർക്കാർ 96 കോടി അനുവദിക്കുകയും ചെയ്തു. തുടർന്ന് പറന്തൽ മുതൽ മാന്തുക കവലവരെ ഇടനാഴിയുടെ ഭാഗമായി കെ.എസ്.ടി.പിയുടെ ചുമതലയിൽ നവീകരണം നടത്തി. എന്നാൽ, തുടർന്നുള്ള ജോലികൾ ബാക്കിയായതോടെ യാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നമായി.
പറന്തൽ, കുരമ്പാല, ശങ്കരത്തിൽപടി, മെഡിക്കൽ മിഷൻ ജങ്ഷൻ, കോളജ് ജങ്ഷൻ, പന്തളം ടൗൺ മുതൽ കാരയ്ക്കാട് വരെ പോരായ്മകളുടെ കുത്തൊഴുക്കാണ്. പന്തളം പൊലീസ് സ്റ്റേഷനു സമീപം നടപ്പാത ഇരുമ്പുപൈപ്പുകൾകൊണ്ട് അടച്ച നിലയിലാണ്. ഓട തുറന്ന നിലയിലുമാണ്. എം.സി റോഡിലെ തിരക്കേറിയ പൊലീസ് സ്റ്റേഷന് സമീപത്ത് ജങ്ഷനിൽ കലുങ്കിന്റെ ഭാഗത്ത് സ്ലാബുകൾ തുറന്ന നിലയിലാണ്. ഇവിടെ ഇരുവശത്തും ഇരുമ്പ് പൈപ്പുകൾ നാട്ടി നടപ്പാത അടച്ചിട്ടിരിക്കുകയാണ്. ഈ ഭാഗത്ത് കാൽനടക്കാർ റോഡിലൂടെ വേണം നടക്കാൻ. പന്തളം ജങ്ഷനിൽ കുത്തഴിഞ്ഞ ഗതാഗതക്കുരുക്കിന് ശമനവുമില്ല. തിരക്കേറിയ പന്തളം ജങ്ഷൻ ഉൾപ്പെടെ പലയിടത്തും ഓടകൾക്ക് മൂടിയില്ല. നടപ്പാതയിലൂടെ എത്തുന്നവർ അപകടത്തിൽപെടുന്നതും പതിവാണ്.
റോഡിലെ വെള്ളം ഓടയിലേക്ക് ഒഴുക്കാനായി നടപ്പാത വശങ്ങളിൽ ഇട്ടിരിക്കുന്ന വിടവുകൾക്കു മുകളിൽ ഗ്രിൽ സ്ഥാപിക്കാത്തതും അപകടക്കെണിയൊരുക്കുന്നു.
എം.സി റോഡരികിൽ പുതുതായി നടപ്പാത നിർമിച്ചു കൈവരികൾ സ്ഥാപിച്ചിരുന്നു. നിലവാരം കുറഞ്ഞ സ്റ്റീൽ ഉപയോഗിച്ചാണ് കൈവരികൾ നിർമിച്ചതെന്ന് തുടക്കത്തിൽ തന്നെ ആക്ഷേപമുണ്ടായിരുന്നു. സ്ഥാപിച്ച് ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും കൈവരി തുരുമ്പിച്ചു തുടങ്ങി. വാഹനങ്ങൾ ഇടിച്ചതോടെ പലയിടത്തും കൈവരികൾ തകർന്നുകിടക്കുകയാണ്. കൈവരിയിലെ അഴികൾ തുരുമ്പിച്ച് അടർന്ന നിലയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.