പന്തളം: മൂന്ന് വർഷത്തെ കാത്തിരിപ്പിനും കടമ്പകൾക്കും ശേഷം പന്തളം നഗരസഭ മാസ്റ്റർപ്ലാനിന് സർക്കാറിന്‍റെ അന്തിമ അംഗീകാരം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ മാസ്റ്റർ പ്ലാൻ പ്രാബല്യത്തിൽ വരും.ഗസറ്റിൽ പ്രസിദ്ധീകരിച്ചശേഷം കൗൺസിൽ നഗരസഭ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുകയും ഇത് പത്രങ്ങൾ, നോട്ടീസ് ബോർഡ് എന്നിവയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മുൻ ഭരണസമിതിയുടെ ഭരണകാലത്ത് തയാറാക്കി 2020 ജനുവരി 14ന് പ്രസിദ്ധീകരിച്ച പന്തളം മാസ്റ്റർ പ്ലാനിൽ പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും മുനിസിപ്പൽ കൗൺസിൽ ശേഖരിച്ചിരുന്നു. പ്രസ്തുത ആക്ഷേപങ്ങളിൻമേലും അഭിപ്രായങ്ങളിൻമേലും മുനിസിപ്പൽ കൗൺസിൽ നിയോഗിച്ച സ്‌പെഷൽ കമ്മിറ്റി തീരുമാനം എടുക്കുകയും പൊതുജനങ്ങളെ കേൾക്കുകയും ചെയ്തിരുന്നു. ആയതിൻമേൽ സ്‌പെഷൽ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ മുനിസിപ്പൽ കൗൺസിൽ വിശദമായി ചർച്ച ചെയ്യുകയും അന്തിമ തീരുമാനം എടുക്കുകയും അതിൻ പ്രകാരമുള്ള മാറ്റങ്ങൾ മാസ്റ്റർ പ്ലാനിൽ വരുത്തി അംഗീകാരം നൽകുകയും ചെയ്തു.
നഗര, ഗ്രാമാസൂത്രണ ആക്ട് 2016 പ്രകാരം അന്തിമ അംഗീകാരം ലഭ്യമാക്കേണ്ടത് സർക്കാർ ആയതിനാൽ പ്രസ്തുത മാറ്റങ്ങൾ വരുത്തിയ മാസ്റ്റർ പ്ലാൻ മുനിസിപ്പൽ കൗൺസിൽ സർക്കാറിലേക്ക് അയച്ചിരുന്നു. അതിൽ ചീഫ് ടൗൺ പ്ലാനറുടെ ശിപാർശയോടെ സർക്കാർ അന്തിമ അംഗീകാരം നൽകുകയായിരുന്നു.
ജില്ല ടൗൺ പ്ലാനിങ് വിഭാഗമാണ് 20 വർഷത്തെ വികസനം ലക്ഷ്യംവെച്ച് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. ആദ്യം പ്രസിദ്ധീകരിച്ച പ്ലാനിൽ പൊതുജനങ്ങൾക്കുള്ള ഏകദേശം അറുനൂറോളം പരാതികളും നിർദേശങ്ങളും പരിശോധിച്ച് ഹിയറിങ് നടത്തി വേണ്ട മാറ്റം വരുത്തിയാണ് സർക്കാറിന് സമർപ്പിച്ചത്. മാസ്റ്റർ പ്ലാൻ തയാറാക്കാൻ രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയാണ് പരാതികളും നിർദേശങ്ങളും പരിശോധിച്ച് തീരുമാനമെടുത്തത്.
2018ൽ തുടങ്ങിയ പദ്ധതി കോവിഡും വെള്ളപ്പൊക്കവും കാരണം ഹിയറിങ് നടത്താനും മാറ്റം വരുത്താനും കാലതാമസം വരുത്തി. കാലാവധി കഴിഞ്ഞതിനാൽ സർക്കാറിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഹിയറിങ് നടത്തിയത്. കരടുരേഖയിൽനിന്ന് ആക്ഷേപങ്ങൾ പ്രകാരം വരുത്തിയ മാറ്റങ്ങളിലധികവും റോഡ് സംബന്ധിച്ചുള്ളവയാണ് നഗരസഭയായി ഉയർന്നെങ്കിലും നഗരത്തിന്‍റെ വളർച്ച ഇനിയും ഉണ്ടായിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന തീർഥാടന വിനോദസഞ്ചാരകേന്ദ്രം എന്ന നിലക്ക് സൗകര്യം ഏർപ്പെടുത്തും.
ജില്ലയിൽ രണ്ടാം തരത്തിലേക്ക് മാറേണ്ട പട്ടണമാണെങ്കിലും വാണിജ്യത്തിനായുള്ള ഭൂമി വളരെ കുറവാണ്. ചന്തകളിൽ അടിസ്ഥാന സൗകര്യക്കുറവ്, വ്യവസായങ്ങളുടെ കുറവ്, ശബരിമല തീർഥാടക വികസനം, ഗതാഗത പരിഷ്‌കാരം, മാലിന്യസംസ്‌കരണം, തോടുകളും ചാലുകളും വൃത്തിയാക്കൽ എന്നിവ നടപ്പാക്കേണ്ടതുണ്ട്. പന്തളത്തിന്‍റെ ആകെ വിസ്തൃതിയുടെ 57 ശതമാനം കൃഷിയായതിനാൽ കൃഷിക്കും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.